ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വൻ വികസന പദ്ധതിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രേറ്റ് നിക്കോബാറിനെ “പാരിസ്ഥിതിക ദുരന്തത്തിലേക്ക്” നയിക്കുകയാണെന്നും രാജ്യത്തിന്റെ “പാരിസ്ഥിതിക മനസ്സാക്ഷി വിചാരണയിലാണ്” എന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിക്കെതിരായ തന്റെ മുൻകാല ഇടപെടലുകൾ, പാർലമെന്റിലെ പ്രസംഗങ്ങൾ, വിവിധ കേന്ദ്രമന്ത്രിമാർക്ക് അയച്ച കത്തുകൾ എന്നിവയുടെ വിവരങ്ങൾ സാമൂഹിക മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചുകൊണ്ടാണ് രമേശിന്റെ വിമർശനം. ജൈവവൈവിധ്യ സമ്പന്നമായ ഗ്രേറ്റ് നിക്കോബാറിന്റെ പരിസ്ഥിതിക്ക് ഈ പദ്ധതി ഗുരുതരമായ ആഘാതമുണ്ടാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
പൊതുജനങ്ങളും സിവിൽ സൊസൈറ്റി സംഘടനകളും നൽകിയ അഞ്ച് വ്യത്യസ്ത ഹർജികൾ നിലവിൽ കൽക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാംബെൽ ബേ നാഷണൽ പാർക്ക്, ഗലാത്തിയ നാഷണൽ പാർക്ക് എന്നിവയുടെ പരിസ്ഥിതി സംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, വനാവകാശ നിയമ ലംഘനം, തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ വ്യവസ്ഥകളുടെ ലംഘനം തുടങ്ങിയ വിഷയങ്ങളാണ് ഹർജികളിൽ ഉന്നയിച്ചിരിക്കുന്നതെന്ന് രമേശ് വ്യക്തമാക്കി.
ഗ്രേറ്റ് നിക്കോബാർ പദ്ധതിയുടെ ഭാഗമായി നിർദേശിച്ചിട്ടുള്ള ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം, വിമാനത്താവളം, ടൗൺഷിപ്പ് വികസനം തുടങ്ങിയ പദ്ധതികൾ ദ്വീപിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കോൺഗ്രസിന്റെ നിലപാട്. പ്രത്യേകിച്ച് ഗലാത്തിയ ബേ മേഖലയിലെ പവിഴപ്പുറ്റുകൾക്കും അപൂർവ ജന്തുജാലങ്ങൾക്കും വലിയ ഭീഷണിയാണിതെന്ന് പാർട്ടി ആരോപിക്കുന്നു.
പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിന്റെ വിശ്വാസ്യതയിലും കോൺഗ്രസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ഗോത്രകാര്യ മന്ത്രി ജുവൽ ഓറം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കും ജയറാം രമേശ് നേരത്തെ കത്തയച്ചിരുന്നു.
അതേസമയം, ഗ്രേറ്റ് നിക്കോബാർ പദ്ധതി ദേശീയ സുരക്ഷയ്ക്കും സമുദ്രവ്യാപാര വികസനത്തിനും നിർണായകമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ ഇത് വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ ബലിയാടാക്കുന്ന പദ്ധതിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പ്രതിരോധവും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ വികസനവുമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന പദ്ധതി യഥാർത്ഥത്തിൽ സ്വകാര്യ താൽപര്യങ്ങൾക്ക് വഴിയൊരുക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഗ്രേറ്റ് നിക്കോബാറിന്റെ അപൂർവമായ പ്രകൃതി സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തി പൊതുജന പിന്തുണയും കോൺഗ്രസ് തേടുന്നുണ്ട്.
