കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ തെരഞ്ഞെടുപ്പ് കാലയളവിൽ മാത്രം നിലനിൽക്കുന്ന വാഗ്ദാനങ്ങളാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിമർശിച്ചു. തെലങ്കാനയിൽ കഴിഞ്ഞ 25 മാസമായി പെൻഷൻ തുക വിതരണം ചെയ്തിട്ടില്ലെന്നും, അധികാരത്തിലെത്തിയാൽ കോൺഗ്രസ് സ്വന്തം വാഗ്ദാനങ്ങൾ മറക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയത്തിനായി എല്ലാവരും പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആർഎസ്എസ് സ്വാധീനത്തിലുള്ള ഭരണകൂടം രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയാണെന്നും ഭരണഘടനാ ലംഘനങ്ങളും ഫെഡറൽ സംവിധാനങ്ങളുടെ ക്ഷയവും നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളം ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾക്ക് ഇടവരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യം നിലനിർത്താൻ ഇടതു ഭരണത്തിന്റെ തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വർഗീയ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു. തെലങ്കാനയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി സംഘർഷങ്ങൾ ഉണ്ടായതായും, ഹിമാചലിൽ സംഭവിക്കുന്ന സംഭവങ്ങളെ കോൺഗ്രസ് ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് അവകാശങ്ങൾ ഉന്നയിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും, ഉത്തരപ്രദേശിൽ ‘ബുൾഡോസർ രാജ്’ നടപ്പിലാക്കുന്നതായി അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയും തെലങ്കാനയും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്നും, കേരളത്തിൽ മാത്രം ഇടതു മുന്നണി ജനക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
