കേരളത്തിൽ പുതുതായി അധികാരമേൽക്കുന്ന യുഡിഎഫ് സർക്കാർ മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി രംഗത്ത്. ഭൂവിസ്തൃതി, ജനസംഖ്യ, വികസന സാധ്യതകൾ എന്നിവ പരിഗണിച്ച് ജില്ലയെ വിഭജിക്കുന്നത് അനിവാര്യമാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. നിലവിൽ ഏകദേശം 48 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം ജില്ലയുടെ ഭരണ സംവിധാനങ്ങൾ ഈ ഭാരം കൈകാര്യം ചെയ്യാൻ പര്യാപ്തമല്ലെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു.
സംസ്ഥാനത്തെ മാറിമാറി വരുന്ന സർക്കാരുകൾ ജില്ലയോട് അവഗണന കാണിക്കുന്നുവെന്നും അടിസ്ഥാന സൗകര്യ വികസനം തടസ്സപ്പെടുന്നതായും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം മുമ്പും വിവിധ സംഘടനകൾ ഉന്നയിച്ചിട്ടുള്ളതാണ്.
തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തിൽ യൂത്ത് ലീഗും സമാനമായ പ്രമേയം അവതരിപ്പിച്ചിരുന്നു. കൂടാതെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കവും വലിയ ജില്ലകളിലെ ഭരണ കാര്യക്ഷമത വർധിപ്പിക്കാൻ വിഭജനം പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇതോടെ, മലപ്പുറം ജില്ലയുടെ വികസനവും ഭരണ കാര്യക്ഷമതയും സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
