സിപിഐഎം വീണ്ടും അധികാരത്തിലെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സത്യസന്ധമായി അഭിപ്രായങ്ങൾ പറയുമ്പോൾ ചിലർക്കത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും, എക്‌സിറ്റ് പോളുകൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഈ തിരഞ്ഞെടുപ്പിൽ നിർണായക ഘടകമാകുമെന്നും വെള്ളാപ്പള്ളി നടേശൻ വിലയിരുത്തി.
എൻഡിഎയ്ക്ക് 14 സീറ്റുകൾ നേടാനാകില്ലെങ്കിലും അക്കൗണ്ട് തുറക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര കലഹങ്ങൾ ഉണ്ടാകാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. “ഭരണം കിട്ടുമെന്ന് തോന്നുമ്പോഴേക്കും ഇങ്ങനെ ആണെങ്കിൽ, കിട്ടിയാൽ സ്ഥിതി എന്തായിരിക്കും?” എന്നായിരുന്നു ചോദ്യം.
ബിജെപി അക്കൗണ്ട് തുറക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും, രാജ്യത്ത് ഭരണത്തിലുള്ള പാർട്ടിയായതിനാൽ അത് ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത് ശരിയായ സമീപനം അല്ലെന്നും അദ്ദേഹം വിമർശിച്ചു. ഒരു ഘടകകക്ഷിക്ക് അത്തരമൊരു തീരുമാനം പ്രഖ്യാപിക്കാൻ അധികാരമില്ലെന്നും, കോൺഗ്രസിന് സ്വന്തമായ ഹൈക്കമാൻഡ് ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പാണക്കാട് കോൺഗ്രസിന്റെ ഹൈക്കമാൻഡ് പോലെ പ്രവർത്തിക്കുന്നുവെന്ന പരാമർശവും അദ്ദേഹം നടത്തി.
