ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയ സ്വാധീനം നേടിയ കോക്രോച്ച് ജനതാ പാർട്ടി ഭാവി പ്രവർത്തനരീതിയെക്കുറിച്ചുള്ള നിർണായക തീരുമാനത്തിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ പാർട്ടിയായി പ്രവർത്തനം വ്യാപിപ്പിക്കണോ, അതോ പ്രസ്ഥാന സംഘടനയായി തുടരണോ എന്ന കാര്യത്തിൽ ഓഗസ്റ്റ് 5ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.
ഇതിനായി സ്ഥാപകനും ജനറൽ ജി ഐക്കണുമായ അഭിജീത് ദീപ്കെ കോർ കമ്മിറ്റി അംഗങ്ങളുമായി പ്രത്യേക യോഗം ചേരും. വിവിധ സംസ്ഥാനങ്ങളിലെ അനുയായികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചായിരിക്കും ഭാവി പ്രവർത്തനരേഖ നിശ്ചയിക്കുക. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന അഭിജീത് ദീപ്കെ തീരുമാനം വിശദീകരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയതോടെയാണ് സിജെപിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ചർച്ചയായത്. വിദ്യാർഥി-യുവജന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയ പ്രചാരണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പിന്തുണ നേടിയിരുന്നു.
അതേസമയം, വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങളിൽ ഇടപെടുന്ന ജനകീയ പ്രസ്ഥാനമായാണ് സിജെപി തുടരേണ്ടതെന്ന നിലപാട് അഭിജീത് ദീപ്കെ മുമ്പ് വ്യക്തമാക്കിയിരുന്നു. സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെയായിരിക്കും പ്രവർത്തനമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും അഫിലിയേറ്റ് ചെയ്യുകയോ ലയിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5ന് നടക്കുന്ന കോർ കമ്മിറ്റി യോഗം സിജെപിയുടെ ഭാവി ദിശ നിർണയിക്കുന്ന സുപ്രധാന ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ-വിദ്യാർഥി വിഷയങ്ങളിൽ ഇടപെടുന്ന ശക്തമായ പ്രസ്ഥാനമായി തുടരാനാകുമോ, അതോ രാഷ്ട്രീയ രംഗത്തേക്ക് ചുവടുമാറുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
