എസ്എസ്എൽസി വിജയനിബന്ധനയിൽ മാറ്റം; ‘മിനിമം മാർക്ക്’ നടപ്പാക്കൽ മാറ്റിവെച്ചു

എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുന്നതിന് ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്ക് നിർബന്ധമാക്കുന്ന ‘മിനിമം മാർക്ക്’ വ്യവസ്ഥ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അധ്യയനവർഷത്തേക്ക് മരവിപ്പിച്ചു. ഇതോടെ 2026-27 അധ്യയനവർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ പുതിയ നിബന്ധന നടപ്പാക്കില്ല. വിഷയത്തിൽ വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം അടുത്ത വർഷം മുതൽ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ എടുത്ത തീരുമാനപ്രകാരം ഈ വർഷം മുതൽ പത്താം ക്ലാസിലും മിനിമം മാർക്ക് സംവിധാനം നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകളും വിദ്യാഭ്യാസ മേഖലയിലെ പ്രത്യാഘാതങ്ങളും വിലയിരുത്തേണ്ട സാഹചര്യം നിലനിൽക്കുന്നതിനാലാണ് തീരുമാനം താൽക്കാലികമായി മാറ്റിവെച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദമായ പഠന റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ എസ്എസ്എൽസിയിൽ 20 ശതമാനം ഇന്റേണൽ മാർക്ക് ഉൾപ്പെടുന്നതിനാൽ എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചാലും വിദ്യാർത്ഥികൾക്ക് വിജയിക്കാനാകുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ പുതിയ മിനിമം മാർക്ക് വ്യവസ്ഥ പ്രാബല്യത്തിൽ വന്നാൽ ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയിൽ തന്നെ 30 ശതമാനം മാർക്ക് നേടേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു.

ഈ നിബന്ധന നടപ്പാക്കിയാൽ എസ്എസ്എൽസി വിജയശതമാനം ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും സർക്കാരിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. വിജയശതമാനം 60 മുതൽ 65 ശതമാനം വരെ താഴാൻ സാധ്യതയുണ്ടെന്നും ഇത് ഹയർ സെക്കൻഡറി പ്രവേശനത്തെ ബാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്.

പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനും അധ്യാപക തസ്തികകളെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനുമുള്ള ആശങ്കകളും പരിഗണിച്ചാണ് മിനിമം മാർക്ക് നിബന്ധന താൽക്കാലികമായി മരവിപ്പിച്ചതെന്നാണ് സൂചന. അതേസമയം, എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ മിനിമം മാർക്ക് സംവിധാനം തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക