‘100 സീറ്റ്’ എന്ന സ്വപ്നത്തിൽ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്; വി.ഡി. സതീശന്റെ രാഷ്ട്രീയ യാത്ര

“100 സീറ്റിൽ വിജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം” — തെരഞ്ഞെടുപ്പിന് മുമ്പ് ആത്മവിശ്വാസത്തോടെ ഉയർത്തിയ ഈ പ്രഖ്യാപനം വെറും രാഷ്ട്രീയ മുദ്രാവാക്യമല്ലായിരുന്നു. യുഡിഎഫിനെ വീണ്ടും അധികാരത്തിലേക്ക് നയിക്കാനുള്ള വി.ഡി. സതീശന്റെ ഉറച്ച വിശ്വാസത്തിന്റെ പ്രകടനമായിരുന്നു അത്. ഒടുവിൽ യുഡിഎഫ് 102 സീറ്റുകൾ നേടി കേരളത്തിൽ ഭരണം തിരിച്ചുപിടിക്കുമ്പോൾ, “പട നയിച്ചവൻ നാടിനെയും നയിക്കട്ടെ” എന്ന പൊതുവികാരത്തിന് മുന്നിൽ ഹൈക്കമാൻഡും വഴങ്ങി. അങ്ങനെ വടശ്ശേരി ദാമോദരൻ സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി.

തിരഞ്ഞെടുപ്പ് കാലത്ത് നൂറിലധികം സീറ്റുകൾ യുഡിഎഫ് നേടുമെന്നും ഒരു ഡസനിലധികം മന്ത്രിമാർ പരാജയപ്പെടുമെന്നും പ്രവചിച്ച മറ്റൊരു പ്രധാന നേതാവും അന്നില്ലായിരുന്നു. 2021ലെ തോൽവിക്കുശേഷം ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്ന യുഡിഎഫിന്റെ മാനസികാവസ്ഥ മനസിലാക്കി അണികളിൽ പോരാട്ടവീര്യം പകരാൻ സതീശന് സാധിച്ചു.

പ്രതിപക്ഷ നേതാവായിരിക്കെ സാമുദായിക സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്ന നേതാവെന്ന പ്രതിച്ഛായയാണ് വി.ഡി. സതീശന് ലഭിച്ചത്. ‘പുതുയുഗ യാത്ര’യിലൂടെ കേരളമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും പുതിയ കേരളത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തു. ഈ യാത്ര അദ്ദേഹത്തെ ജനങ്ങളോട് കൂടുതൽ അടുപ്പിച്ചു.

2021ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണത്തിന്റെ തുടർച്ചയ്ക്ക് പിന്നാലെ നിരാശയിലായ യുഡിഎഫിനെ വീണ്ടും സജീവമാക്കുക എന്ന ദൗത്യമാണ് വി.ഡി. സതീശന് മുന്നിലുണ്ടായിരുന്നത്. അവിടെ നിന്നാണ് “100 സീറ്റ്” എന്ന സ്വപ്നം അദ്ദേഹം പ്രവർത്തകരുടെ മനസിലേക്ക് നട്ടുപിടിപ്പിച്ചത്. നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനോട് ശക്തമായി ഏറ്റുമുട്ടുന്ന നേതാവെന്ന പ്രതിച്ഛായയും അതോടെ രൂപപ്പെട്ടു. പല വിഷയങ്ങളിലും പിണറായി-സതീശൻ വാക്‌പോരുകൾ നിയമസഭയെ സജീവമാക്കി.

കെ-റെയിൽ സമരം, ലൈഫ് മിഷൻ അഴിമതി, എഐ ക്യാമറ വിവാദം, കെ-ഫോൺ, ശബരിമല സ്വർണക്കടത്ത് തുടങ്ങി ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്നതിൽ വി.ഡി. സതീശൻ കൃത്യത പുലർത്തി. 2021ന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് നേട്ടമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാൽ രാഷ്ട്രീയ യാത്ര അത്ര എളുപ്പമായിരുന്നില്ല. പി.വി. അൻവറിനെതിരെ സ്വീകരിച്ച നിലപാടും രാഹുൽ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളിലും എടുത്ത ഉറച്ച തീരുമാനങ്ങളും പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തിന് എതിര്‍പ്പുകൾ സൃഷ്ടിച്ചു. എന്നിരുന്നാലും നിലപാടുകളിൽ നിന്ന് പിൻമാറാത്ത നേതാവെന്ന തിരിച്ചറിവ് കൂടുതൽ ശക്തമായി.

1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ കെ. ദാമോദരമേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായാണ് വി.ഡി. സതീശൻ ജനിച്ചത്. ബി.എ, എൽ.എൽ.ബി, എം.എസ്.ഡബ്ല്യു ബിരുദങ്ങൾ നേടിയ അദ്ദേഹം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി. ഹൈക്കോടതിയിൽ അഡ്വ. എം.വി.എസ്. നമ്പൂതിരിക്കൊപ്പം അഭിഭാഷകനായി പ്രവർത്തനം ആരംഭിച്ചെങ്കിലും കോൺസ്റ്റിറ്റ്യൂഷണൽ ലോയിൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യണമെന്ന ആഗ്രഹം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു.

കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തേവര സേക്രഡ് ഹാർട്ട് കോളേജിൽ ആർട്സ് ക്ലബ് സെക്രട്ടറിയായും എം.ജി, കേരള സർവകലാശാലകളിൽ കൗൺസിലറായും പ്രവർത്തിച്ചു. 1986-87 കാലഘട്ടത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന അദ്ദേഹം എറണാകുളത്ത് നടന്ന ‘ഉത്സവ് 86’ യുവജനോത്സവത്തിന്റെ വിജയകരമായ സംഘാടകനായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് എൻഎസ്‌യുഐ ദേശീയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു.

പ്രതിപക്ഷ നേതാവിൽ നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള വി.ഡി. സതീശന്റെ ഈ രാഷ്ട്രീയ യാത്ര കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക