ടിക്കറ്റ് ഇതര വരുമാനം കൂട്ടാൻ കെഎസ്ആർടിസി; കാർഗോ സേവനത്തിന് തുടക്കം

വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനവും ആരംഭിക്കാൻ കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു.

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശത്തെ തുടർന്നാണ് കാർഗോ മേഖലയിലേക്ക് കെഎസ്ആർടിസി കടക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കുന്ന കാർഗോ സേവനങ്ങളുടെ മാതൃക പഠിച്ചാണ് കേരളത്തിലും പദ്ധതി ആരംഭിക്കുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കാർഗോ സംവിധാനത്തിലൂടെ വരുമാനം നേടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കാർഗോ സേവനങ്ങളുടെ പ്രവർത്തനരീതിയും സാധ്യതകളും പഠിച്ച് കേരളത്തിലെ ഈ മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങളുമായി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് തീരുമാനം. നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ മൂന്നിന് വൈകുന്നേരം നാല് മണി വരെയാണ്. ടെൻഡറുമായി ബന്ധപ്പെട്ട യോഗ്യതാമാനദണ്ഡങ്ങൾ, നിബന്ധനകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ കേരള സർക്കാരിന്റെ ഇ-ടെൻഡർ പോർട്ടലിലും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. ടെൻഡറുമായി ബന്ധപ്പെട്ട യോഗ്യതാമാനദണ്ഡങ്ങൾ, നിബന്ധനകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ www.etenders.kerala.gov.in, www.keralartc.com എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഇ-മെയിൽ: etendershelp@kerala.gov.in.

മറുപടി രേഖപ്പെടുത്തുക