യെമനിലെ ഹൂത്തി വിമതർ പാകിസ്ഥാനും തുർക്കിക്കും കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. സൗദി അറേബ്യയെ പിന്തുണച്ച് സൈനികമായി ഇടപെടുകയോ സൈനികരെ യെമനിലേക്ക് അയയ്ക്കുകയോ ചെയ്താൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നിവ തമ്മിൽ പുതിയ പ്രതിരോധ കരാർ നിലവിൽ വന്ന പശ്ചാത്തലത്തിലാണ് ഹൂത്തികളുടെ പ്രതികരണം.
ഹൂത്തി അൻസാർ അല്ലാഹ് രാഷ്ട്രീയ ബ്യൂറോ അംഗം മുഹമ്മദ് അൽ-ബുഖൈതിയാണ് മുന്നറിയിപ്പ് നൽകിയത്. പാകിസ്ഥാനും തുർക്കിയും യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ ഇരുമ്പുമുഷ്ടിയോടെ തിരിച്ചടിക്കുമെന്നും സൗദി അറേബ്യയെപ്പോലെ തന്നെ ഈ രാജ്യങ്ങളെയും ശിക്ഷിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സൗദി നേതൃത്വത്തിലുള്ള സൈനിക നടപടികൾക്കും സാമ്പത്തിക ഉപരോധത്തിനുമെതിരായ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഹൂത്തികളുടെ പോരാട്ടമെന്നും ബുഖൈതി ആവർത്തിച്ചു.
പാകിസ്ഥാനും തുർക്കിയും വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും സ്വന്തം അതിർത്തികളെ നേരിട്ട് ബാധിക്കാത്ത യുദ്ധത്തിൽ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് ഏഴിനാണ് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ‘മക്ക സംയുക്ത പ്രതിരോധ കരാറിൽ’ ഒപ്പുവച്ചത്. കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കും. സൗദി അറേബ്യയുടെ പ്രദേശിക സുരക്ഷ ഉറപ്പാക്കാൻ പാകിസ്ഥാൻ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ സൈനിക, സാങ്കേതിക സഹായം നൽകാൻ തുർക്കിയും സന്നദ്ധമാണെന്ന സൂചന നൽകിയിട്ടുണ്ട്.
അതേസമയം, സൗദി അറേബ്യയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളും പ്രധാന നഗരങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്.
എന്നാൽ പുതിയ പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാനോ തുർക്കിയോ യെമനിൽ വിദേശ സൈനികരെ വിന്യസിച്ചതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അതിനാൽ കരാർ പ്രാബല്യത്തിൽ വന്നതിന്റെ പശ്ചാത്തലത്തിൽ ഹൂത്തികളുടെ മുന്നറിയിപ്പ് മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
