ട്രൂകോളറിനും പുതിയ നിയന്ത്രണം; എല്ലാ നമ്പറുകളെയും സ്പാം എന്ന് ടാഗ് ചെയ്യാനാകില്ല

അനാവശ്യ ഫോൺ കോളുകളും വാണിജ്യ സന്ദേശങ്ങളും മൂലം ബുദ്ധിമുട്ടുന്ന മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സ്പാം കോളുകളും സന്ദേശങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി ടെലികോം കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്ന പുതിയ ചട്ടങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഉപഭോക്താവ് രേഖാമൂലമോ ഡിജിറ്റൽ മാർഗത്തിലോ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കമ്പനികൾക്ക് വാണിജ്യ സന്ദേശങ്ങൾ അയക്കാൻ അനുമതിയുള്ളു. അതും പരമാവധി ഒരാഴ്ചക്കാലത്തേക്ക് മാത്രമായിരിക്കും. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ തുടർച്ചയായി പ്രമോഷൻ സന്ദേശങ്ങൾ അയക്കുന്ന പ്രവണത തടയുകയാണ് ലക്ഷ്യം.

സ്പാം കോളുകളും ഓട്ടോമേറ്റഡ് കോളുകളും കണ്ടെത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കൂടുതൽ വ്യാപകമായി ഉപയോഗിക്കാനും ട്രായ് നിർദേശിച്ചിട്ടുണ്ട്. എഐ ഉപയോഗിച്ച് ബൾക്ക് കോളുകൾ നടത്തുന്ന സ്ഥാപനങ്ങൾ അതുസംബന്ധിച്ച വിവരം മുൻകൂട്ടി ടെലികോം സേവനദാതാക്കളെ അറിയിക്കണം. ഈ വിവരം മറച്ചുവച്ചാൽ മിനിറ്റിന് അഞ്ച് പൈസ നിരക്കിൽ ടെർമിനേഷൻ ചാർജ് ഈടാക്കും.

നിയമലംഘനം ആവർത്തിക്കുന്ന നമ്പറുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതും ഇനി കൂടുതൽ എളുപ്പമാകും. ഇതുവരെ ഒരു നമ്പറിനെതിരെ അഞ്ച് പരാതികൾ ലഭിച്ചാൽ മാത്രമാണ് നടപടിക്ക് പരിഗണിച്ചിരുന്നത്. പുതിയ ചട്ടപ്രകാരം മൂന്ന് പരാതികൾ ലഭിച്ചാൽ തന്നെ ടെലികോം കമ്പനികൾക്ക് നമ്പർ വിച്ഛേദിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാം.

ഉപഭോക്തൃ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നമ്പറുകൾ തിരിച്ചറിയുന്ന ട്രൂകോളർ പോലുള്ള സേവനങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും. 140xx, 1600xx സീരീസുകളിലുള്ള അംഗീകൃത വാണിജ്യ-സേവന നമ്പറുകളെ ഇനി സ്പാം ആയി ടാഗ് ചെയ്യാൻ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് അനുമതിയുണ്ടാകില്ലെന്ന് ട്രായ് ചെയർമാൻ അനിൽ കുമാർ ലാഹോട്ടി വ്യക്തമാക്കി.

അതേസമയം, സ്പാം പരാതികളിൽ ടെലികോം കമ്പനികൾ സ്വീകരിച്ച നടപടിയിൽ തൃപ്തരല്ലാത്ത ഉപഭോക്താക്കൾക്കായി ആദ്യമായി അപ്പീൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നമ്പറുകളുടെ കെവൈസി വിവരങ്ങൾ ടെലികോം കമ്പനികൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പുതിയ ചട്ടങ്ങളിൽ നിർദേശിക്കുന്നു.

ഡിജിറ്റൽ ആശയവിനിമയ രംഗത്ത് വർധിച്ചുവരുന്ന സ്പാം ശല്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുകയും ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ട്രായുടെ പുതിയ നീക്കം.

മറുപടി രേഖപ്പെടുത്തുക