പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഓപ്ഷനുകളുമായി മാരുതി സുസുക്കി. സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളിൽ ആദ്യമായി എഎംടി ഗിയർബോക്സ് അവതരിപ്പിച്ചു. ഫാക്ടറിയിൽ തന്നെ ഘടിപ്പിച്ച സിഎൻജി യൂണിറ്റിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകുന്നത് മാരുതി സുസുക്കിയുടെ ചരിത്രത്തിൽ ആദ്യമായാണ്.
സ്വിഫ്റ്റ് സിഎൻജി എഎംടിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 7.92 ലക്ഷം രൂപയാണ്. ഡിസയർ സിഎൻജി എഎംടിക്ക് 8.53 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. സിഎൻജി മാനുവൽ വേരിയന്റുകളെ അപേക്ഷിച്ച് എഎംടി മോഡലുകൾക്ക് 35,000 രൂപ അധികമാണ്.
സ്വിഫ്റ്റ് സിഎൻജി എഎംടി വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ(ഒ), ഇസഡ്‌എക്‌സ്‌ഐ വേരിയന്റുകളിൽ ലഭിക്കും. ഡിസയർ സിഎൻജി എഎംടി വിഎക്‌സ്‌ഐ, ഇസഡ്‌എക്‌സ്‌ഐ വേരിയന്റുകളിലാണ് എത്തുന്നത്. സിഎൻജിയിൽ എഎംടി ഗിയർബോക്സ് നൽകുന്ന രാജ്യത്തെ രണ്ടാമത്തെ വാഹന നിർമാതാവാണ് മാരുതി സുസുക്കി. ടാറ്റ മോട്ടോഴ്‌സ് ഇതിനകം ഈ കോമ്പിനേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്വിഫ്റ്റ്, ഡിസയർ സിഎൻജി എഎംടി മോഡലുകളിൽ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ഇസഡ്12ഇ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. സിഎൻജി മോഡിൽ എഞ്ചിൻ 70 എച്ച്പി പവറും 102 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.
മൈലേജിന്റെ കാര്യത്തിലും ശ്രദ്ധേയമായ കണക്കുകളാണ് കമ്പനി അവകാശപ്പെടുന്നത്. സ്വിഫ്റ്റ് സിഎൻജി എഎംടി ഒരു കിലോഗ്രാം സിഎൻജിക്ക് 35.34 കിലോമീറ്റർ മൈലേജ് നൽകുമെന്ന് മാരുതി പറയുന്നു. ഡിസയർ സിഎൻജി എഎംടിക്ക് 36.47 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. മാനുവൽ മോഡലുകളെ അപേക്ഷിച്ച് യഥാക്രമം 2.49 കിലോമീറ്ററും 2.74 കിലോമീറ്ററും അധിക മൈലേജാണിത്.
സിഎൻജി ടാങ്കിന്റെ അധിക ഭാരം താങ്ങുന്നതിനായി വാഹനങ്ങളുടെ സസ്‌പെൻഷനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പെട്രോളിനും സിഎൻജിക്കും ഇടയിൽ എളുപ്പത്തിൽ മാറുന്നതിനുള്ള ഇന്ധന ലെവൽ ഇൻഡിക്കേറ്ററും ഫ്യൂവൽ സ്വിച്ചും വാഹനത്തിലുണ്ട്. എന്നാൽ 55 ലിറ്റർ ശേഷിയുള്ള സിംഗിൾ സിഎൻജി ടാങ്ക് സ്ഥാപിച്ചതിനാൽ ബൂട്ട് സ്പേസിൽ നേരിയ കുറവുണ്ടാകും.
ഇതോടൊപ്പം ബലേനോ സിഎൻജി എഎംടിയും മാരുതി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 8.32 ലക്ഷം രൂപയാണ്. ഓട്ടോമാറ്റിക് ഡ്രൈവിംഗിന്റെ സൗകര്യത്തിനൊപ്പം കുറഞ്ഞ പ്രവർത്തനച്ചെലവും കുറഞ്ഞ സിഎൻജി ഉദ്‌വമനവും നൽകുകയാണ് ‘ഓട്ടോ ഗ്രീൻ മിഷൻ’ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
