ഇവിടെ നെക്‌സോൺ, അവിടെ ഓസ്‌പ്രേ; ടാറ്റയുടെ കാർ ദക്ഷിണാഫ്രിക്കയിൽ തരംഗമാകുന്നു

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ദക്ഷിണാഫ്രിക്കൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നു. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോൺ, ‘ടാറ്റ ഓസ്‌പ്രേ’ എന്ന പേരിൽ 2026-ന്റെ മൂന്നാം പാദത്തിൽ ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽ നിലവിൽ ലഭ്യമായ പഞ്ച്, കർവ് മോഡലുകൾക്കിടയിലുള്ള വിഭാഗത്തിലാണ് ഓസ്‌പ്രേയെ ടാറ്റ അവതരിപ്പിക്കുന്നത്. 2025-ൽ ദക്ഷിണാഫ്രിക്കൻ പാസഞ്ചർ വാഹന വിപണിയിലേക്ക് തിരിച്ചെത്തിയ ടാറ്റ മോട്ടോഴ്‌സ്, ടിയാഗോ, പഞ്ച്, കർവ്, ഹാരിയർ തുടങ്ങിയ മോഡലുകൾ ഇതിനകം വിപണിയിലെത്തിച്ചിട്ടുണ്ട്.

ലോകമെമ്പാടുമായി 10 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച നെക്‌സോൺ, ഇന്ത്യയിലെ ഏറ്റവും വിജയകരമായ എസ്‌യുവികളിലൊന്നാണ്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ എത്തുന്ന ഓസ്‌പ്രേ ഇന്ത്യൻ നെക്‌സോണിന്റെ അതേ മോഡൽ അല്ലെന്ന് കമ്പനി വ്യക്തമാക്കി. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ, ആധുനിക സാങ്കേതികവിദ്യ, പ്രീമിയം ഇന്റീരിയർ എന്നിവയോടെയാകും വാഹനം എത്തുക. ഗ്ലോബൽ NCAP, ഭാരത് NCAP പരിശോധനകളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ സവിശേഷതകളും വാഹനത്തിനുണ്ടാകും.

ടാറ്റ മോട്ടോഴ്‌സ് സൗത്ത് ആഫ്രിക്കയുടെ മാർക്കറ്റിംഗ് ജനറൽ മാനേജർ ജെഫ് അലിസൺ, ബ്രാൻഡിന്റെ വളർച്ചയിലെ നിർണായക ഘട്ടമായിരിക്കും ഓസ്‌പ്രേയുടെ അവതരണമെന്ന് പറഞ്ഞു. വാഹനത്തിന്റെ എഞ്ചിൻ സവിശേഷതകളും വിലയും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിപണി റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ ഓസ്‌പ്രേയുടെ പ്രാരംഭ വില ഏകദേശം 3.4 ലക്ഷം ദക്ഷിണാഫ്രിക്കൻ റാൻഡായിരിക്കുമെന്നാണ് പ്രതീക്ഷ. ഓസ്‌പ്രേയ്ക്ക് പിന്നാലെ ഈ വർഷം അവസാനത്തോടെ സിയറ എസ്‌യുവിയും ദക്ഷിണാഫ്രിക്കൻ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക