ലാൻഡ് റോവർ ഡിഫൻഡറിന് വൻ വിലക്കുറവ്; വില 34 ലക്ഷം രൂപ വരെ കുറഞ്ഞു

ആഡംബര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി ലാൻഡ് റോവർ ഡിഫൻഡറിന്റെ വിലയിൽ വൻ കുറവ്. ഇന്ത്യയിൽ വാഹനത്തിന്റെ അസംബ്ലി ആരംഭിച്ചതോടെയാണ് ചില വകഭേദങ്ങളുടെ വില 34 ലക്ഷം രൂപ വരെ കുറഞ്ഞത്. ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ കുറഞ്ഞ വിലയിൽ വാഹനം ലഭ്യമാക്കുകയാണ് ജാഗ്വാർ ലാൻഡ് റോവറിന്റെ (ജെഎൽആർ) ലക്ഷ്യം.

ഇതുവരെ ഡിഫൻഡർ 110 പൂർണമായും വിദേശത്ത് നിർമിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ പുതിയ രീതിയിൽ വാഹനത്തിന്റെ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്യാനാണ് കമ്പനി തീരുമാനിച്ചത്. ഇതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും വിലയിൽ ഇളവ് നൽകാനും സാധിച്ചു. ഡിഫൻഡർ 110 മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണെങ്കിലും എല്ലാ വകഭേദങ്ങൾക്കും ഒരേ നിരക്കിൽ വിലക്കുറവ് ബാധകമല്ല.

റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട് തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്ത് വില കുറച്ചതിന് പിന്നാലെയാണ് ജെഎൽആർ ഡിഫൻഡറിലും ഇതേ രീതി നടപ്പാക്കുന്നത്. ഇന്ത്യൻ ആഡംബര എസ്‌യുവി വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

13.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജിങ്, പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ ഡിഫൻഡർ 110 വാഗ്ദാനം ചെയ്യുന്നു. ഓൾ-വീൽ ഡ്രൈവ്, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവ ഓഫ്‌റോഡ് യാത്രകൾക്കായി നൽകിയിട്ടുണ്ട്. വകഭേദങ്ങൾക്കനുസരിച്ച് 3ഡി സറൗണ്ട് ക്യാമറ, പാർക്കിങ് അസിസ്റ്റൻസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഡ്രൈവർ സഹായ സംവിധാനങ്ങളും ലഭ്യമാണ്.

ഏകദേശം 900 മില്ലിമീറ്റർ ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള ശേഷിയും ഡിഫൻഡറിന്റെ പ്രത്യേകതയാണ്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകൾക്കൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തിലുണ്ട്. സാധാരണ റോഡുകളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും ഒരുപോലെ സഞ്ചരിക്കാൻ അനുയോജ്യമായ രീതിയിലാണ് എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക