ധർമ്മേന്ദ്ര പ്രധാൻ്റെ രാജി; എസ്എഫ്ഐ സമരത്തിന് നേരെ ദില്ലി പൊലീസിന്റെ ലാത്തിച്ചാർജ്; നിരവധി പ്രവർത്തകർക്ക് പരുക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ദില്ലി പൊലീസ് ബലപ്രയോഗം നടത്തിയതായി പരാതി. സംഭവത്തിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റതായും ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

സോനം വാങ്ചുകിനെ അനധികൃതമായി തടവിലാക്കിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് നടപടി ഉണ്ടായതായി സംഘടന ആരോപിച്ചു. ജന്തർ മന്തറിലെ സമരപന്തൽ പൊലീസ് ബലമായി നീക്കിയതായും എസ്എഫ്ഐ ആരോപിച്ചു.

പരുക്കേറ്റ പ്രവർത്തകരെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ വിജു കൃഷ്ണൻ, അരുൺ കുമാർ, എംഡിഎംകെ നേതാവ് വൈക്കോ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ആനി രാജ എന്നിവർ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയെ നേതാക്കൾ അപലപിച്ചു.

അതേസമയം, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജിയും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷും നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എം.എ. ബേബിയിൽ നിന്ന് നാരങ്ങാനീര് സ്വീകരിച്ചാണ് ഇരുവരും സമരം അവസാനിപ്പിച്ചത്. രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ ശക്തിപ്പെടുത്തുമെന്ന് ആദർശ് എം. സജി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക