80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയർത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്വാതന്ത്ര്യദിനം ആഘോഷങ്ങളിൽ ഒതുങ്ങാതെ രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്താനുള്ള അവസരമാകണമെന്നും പറഞ്ഞു.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ ശക്തമാണെന്നും, ‘നാനാത്വത്തിൽ ഏകത്വം’ എന്ന ഇന്ത്യയുടെ അടിസ്ഥാന മൂല്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് എല്ലാ പൗരന്മാർക്കും തുല്യനീതിയും സ്വാതന്ത്ര്യവും ഉറപ്പുള്ള മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുകയും വെറുപ്പിനും വർഗീയതയ്ക്കുമെതിരെ നിലകൊള്ളുകയും ചെയ്യുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ദേശീയ ഉത്തരവാദിത്തമെന്നും മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയെ കെട്ടിപ്പടുക്കാൻ എല്ലാവരും ഒരുമിക്കണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.
