ക്ഷേമപ്രവർത്തനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ആരുടെയും ഔദാര്യമല്ലെന്നും അത് ഓരോ പൗരന്റെയും അവകാശമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനത്ത ദുരന്തങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കേരളം മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് പകരമാകാൻ ഒന്നിനും കഴിയില്ലെങ്കിലും, ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം സർക്കാർ എക്കാലവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഏത് വലിയ വെല്ലുവിളിയെയും ഒറ്റക്കെട്ടായി നേരിടാനും അതിജീവിക്കാനും കേരളത്തിന് കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പ്രളയദുരന്തങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളെ സർക്കാർ ശാസ്ത്രീയ സമീപനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നതെന്നും വ്യക്തമാക്കി. ജാതി, മതം, ലിംഗവിവേചനം, രാഷ്ട്രീയ അന്ധത, വിദ്വേഷം തുടങ്ങിയ വിഭജന ചിന്തകൾ ഉപേക്ഷിച്ച് സമൂഹം ഐക്യത്തോടെ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം, ജനാധിപത്യ ബോധം, തുല്യത എന്നീ മൂല്യങ്ങളാണ് കേരളത്തിന്റെ യഥാർഥ കരുത്തും ഊർജ്ജവുമെന്നും, അവ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പട്ടിണി, രോഗം, തൊഴിലില്ലായ്മ എന്നിവ ഇന്നും സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 79 വർഷങ്ങൾ പിന്നിട്ടിട്ടും രാജ്യത്തും കേരളത്തിലും ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നത് കയ്പേറിയ യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ഏറ്റവും വലിയ ശക്തി യുവതലമുറയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലോകവും രാജ്യവും നിർണായകമായ മാറ്റങ്ങളുടെ ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, യുവാക്കളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്ന് സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ശക്തമായ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാനും ഭാവിയിൽ രാജ്യത്തെ മികച്ച ദിശയിലേക്ക് നയിക്കാനുമുള്ള ശേഷി ഇന്നത്തെ യുവതലമുറയ്ക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
