വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ദിവ്യ എസ് അയ്യരെ സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം നേതാവ് പി.കെ. ശ്രീമതി പ്രതികരണവുമായി രംഗത്ത്. വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പരാമർശങ്ങളിൽ വ്യക്തത വേണമെന്നും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ അദ്ദേഹം തന്നെ വിശദീകരിക്കണമെന്നും ശ്രീമതി പറഞ്ഞു.
ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ അധികാരത്തിലെത്തുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സ്വാഭാവികമായ ഭരണനടപടിയാണെന്ന് പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു. ചില സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ മാറ്റാതെയും തുടരാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ദിവ്യ എസ് അയ്യരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കെ.കെ. രാഗേഷ് എന്തുകൊണ്ടാണ് പ്രത്യേക പരാമർശങ്ങൾ നടത്തിയതെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും അതിന്റെ കാരണം തനിക്ക് അറിയില്ലെന്നും ശ്രീമതി വ്യക്തമാക്കി.
ഉദ്യോഗസ്ഥയെ മാറ്റിയതിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്ന് പറഞ്ഞ ശ്രീമതി, കെ.കെ. രാഗേഷ് തന്റെ നിലപാട് കൂടുതൽ വ്യക്തമായി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. “എല്ലാവർക്കും മനസിലാകുന്ന തരത്തിൽ അദ്ദേഹം കാര്യങ്ങൾ തുറന്നു പറയണം. അവ്യക്തമായ രീതിയിൽ സംസാരിക്കുന്നതിൽ കാര്യമില്ല. എന്ത് കാരണത്താലാണ് അങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്,” എന്നും അവർ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തിൽ മുൻ സിപിഎം നേതാവ് ഇ.പി. ജയരാജൻ സ്വീകരിച്ച നിലപാടാണ് തന്റെയും നിലപാടെന്ന് പി.കെ. ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഏറെക്കാലമായി ചർച്ചയിലുള്ള ആറന്മുള വിമാനത്താവള പദ്ധതിയെയും പി.കെ. ശ്രീമതി പിന്തുണച്ചു. കേരളത്തിന് പ്രയോജനകരമായ വികസന പദ്ധതികൾ നടപ്പാക്കപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്ന് അവർ പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള യാത്രക്കാർക്കും ആറന്മുള വിമാനത്താവളം ഗുണകരമാകുമെന്നും പദ്ധതി തടസപ്പെടുത്തരുതെന്നും അവർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് സഹായകമായ പദ്ധതികൾക്ക് പിന്തുണ നൽകണമെന്നാണ് തന്റെ നിലപാടെന്നും അത് വിമാനത്താവളമാകട്ടെ, തുറമുഖമാകട്ടെ, സംസ്ഥാനത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുന്ന എല്ലാ പദ്ധതികളും സ്വാഗതം ചെയ്യേണ്ടതാണെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.
