ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്താന്‍ ഉത്തരവായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ.പി. ജയരാജന്. വിമാനത്തിനകത്ത് നടന്നത് സാധാരണ പ്രതിഷേധമല്ല, മറിച്ച് ഭീകരപ്രവർത്തനമാണെന്ന നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.
ഇത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത നടപടിയാണെന്നും പ്രതികളെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും ഇ.പി. ജയരാജന് ആരോപിച്ചു. ജുഡീഷ്യറിയെ ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും ബിജെപി സര്‍ക്കാരിനെ സ്വാധീനിച്ചുള്ള ഇടപെടലുകള്‍ പോലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കര്‍ശന നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധക്കാര്‍ എത്തിയതെന്ന വാദത്തിലും ഇ.പി. ജയരാജന് ഉറച്ചുനിന്നു. മുഖ്യമന്ത്രിയിലേക്ക് അക്രമോത്സുകമായി പാഞ്ഞെത്തിയവരെ താന്‍ തടയാന്‍ ശ്രമിച്ചുവെന്നും, തന്നെ തള്ളിമാറ്റി മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ താനും തിരിച്ചുതള്ളിയതാണ് അവിടെ സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
