സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച സാഹചര്യം സർക്കാർ നിരന്തരം വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റവന്യു മന്ത്രിയുമായും വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും തുടർച്ചയായി ആശയവിനിമയം നടത്തിവരുന്നതായും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും അഭ്യർഥിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ലഭ്യമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിൽ എട്ട് പേർ മരിക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
മഴയിൽ 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നതായും റിപ്പോർട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ടവർക്കും ആവശ്യമായ സർക്കാർ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
