പി.എം ശ്രീ പദ്ധതി വിഷയത്തിൽ നിലവിലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാട് “ലജ്ജാകരമായ കീഴടങ്ങലാണെന്ന്” അദ്ദേഹം ആരോപിച്ചു.
അധികാരത്തിൽ എത്തിയാൽ പി.എം ശ്രീ പദ്ധതി പൂർണമായും ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ എവിടെയാണെന്ന് പിണറായി വിജയൻ ചോദിച്ചു. മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രിമാർ പറയുന്നതിനെ അദ്ദേഹം തള്ളിക്കളഞ്ഞു.
2025 ഒക്ടോബറിലാണ് ധാരണാപത്രം ഒപ്പുവെച്ചതെങ്കിൽ അതിന് ശേഷം എട്ടുമാസം പിന്നിട്ടിട്ടും ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനർത്ഥം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കത്ത് അയച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. പദ്ധതി ഇതിനകം നടപ്പിലാക്കിയിരുന്നുവെങ്കിൽ അത്തരമൊരു കത്തിന്റെ ആവശ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാകണമെങ്കിൽ അധികാരത്തിലുള്ള സർക്കാർ ബോധപൂർവമായ അനുകൂല നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അതില്ലാതെ പദ്ധതി മുന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യമായി പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2025 നവംബർ 12-ന് ധാരണാപത്രം മരവിപ്പിക്കുന്നതായി കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകിയിരുന്നുവെന്നും ആ കത്ത് അന്നത്തെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാടിന്റെ ഭാഗമായിരുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
