എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയേണ്ടതെന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . കണ്ണൂർ പാപ്പിനിശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയാൽ സിപിഎമ്മും തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഇത്തരം വിഷയങ്ങൾ വിശകലനം ചെയ്യേണ്ടതാണെന്നും, വർഗീയ പാർട്ടികളോടുള്ള സിപിഎമ്മിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും, അവരുടെ നിലപാട് വ്യക്തമാകുമ്പോഴാണ് പിന്തുണ സംബന്ധിച്ച കാര്യത്തിൽ പ്രതികരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതുവരെ വ്യക്തത വരുത്താത്തതായും അദ്ദേഹം വിമർശിച്ചു. ജോയിന്റ് അക്കൗണ്ടാണെങ്കിൽ അത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും, ഭൂമി വാങ്ങൽ മുതൽ തന്നെ തട്ടിപ്പുകൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.അതേപോലെ, പയ്യന്നൂരിലെ വ്യാജ ഐഡി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് വ്യാജ രേഖകൾ ഉണ്ടാക്കുന്നതാണ് മനസിൽ വെച്ചാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
