രഞ്ജിത്തിനെതിരായ പരാതി; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അതിജീവിതയായ യുവ നടിക്ക് പൂർണ്ണ പിന്തുണയുമായി Women in Cinema Collective (WCC) രംഗത്തെത്തി. ആരെയും കാത്തുനിൽക്കാതെ നേരിട്ട് പോലീസിൽ പരാതി നൽകാൻ ധൈര്യം കാണിച്ച നടിയെ സംഘടന അഭിനന്ദിച്ചു.

സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (IC) പ്രവർത്തനക്ഷമതയില്ലായ്മയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് WCCയുടെ വിമർശനം. അധികാര കേന്ദ്രങ്ങൾ ഇത്തരം സമിതികളെ നിശബ്ദമാക്കുകയാണെന്നും സംഘടന ആരോപിച്ചു. സുരക്ഷിതമായ തൊഴിലിടത്തിനായി അതിജീവിതയ്‌ക്കൊപ്പം പോരാട്ടം തുടരുമെന്നും സംഘടനാ വ്യക്തമാക്കി.

ഹേമ കമ്മിറ്റി നിർദ്ദേശിച്ച പരാതി പരിഹാര ട്രിബ്യൂണൽ എന്ന ആവശ്യം സർക്കാർ പുനഃപരിശോധിക്കണമെന്നും WCC ആവശ്യപ്പെട്ടു. നിലവിലുള്ള സംവിധാനങ്ങളിലുള്ള വിശ്വാസക്കുറവിന്റെ ഫലമായാണ് നടി ഐസിയെ സമീപിക്കാതെ നേരിട്ട് പോലീസിൽ പോയതെന്നും സംഘടന വിലയിരുത്തി.

ഉത്തരവുകൾ ഉണ്ടായിട്ടും അധികാര ബന്ധങ്ങൾ സമിതികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന് ഇത് തെളിവാണെന്നും, സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ കൂടുതൽ ശക്തമായ സംവിധാനങ്ങൾ അനിവാര്യമാണെന്നും WCC ചൂണ്ടിക്കാട്ടി. ‘അവൾക്കൊപ്പം’ എന്ന ഹാഷ്‌ടാഗോടെയാണ് സംഘടന ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

മറുപടി രേഖപ്പെടുത്തുക