2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രീ പോൾ സർവേകൾക്കെതിരെ കോൺഗ്രസ് നേതാവ് അഡ്വ. ജെ.എസ്. അഖിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതി നൽകി. ഇത്തരം സർവേകൾ വോട്ടർമാരുടെ മനോഭാവത്തെയും അന്തിമ തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ ഇടയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ വിജയസാധ്യത പ്രവചിക്കുന്നതിലൂടെ “ബാൻഡ്‌വാഗൺ ഇഫക്റ്റ്” ഉണ്ടാകുകയും, പ്രത്യേകിച്ച് അനിശ്ചിത വോട്ടർമാരെ ബാധിക്കാനുള്ള സാധ്യത ഉയരുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവിൽ എക്സിറ്റ് പോളുകൾക്ക് മാർഗനിർദേശങ്ങൾ ഉണ്ടായിരിക്കുമ്പോഴും, പ്രീ പോൾ സർവേകൾക്ക് വ്യക്തമായ നിയന്ത്രണങ്ങളില്ലാത്തത് ഗുരുതരമായ നിയമവിടവാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ അഡ്വ. അഖിലിന്റെ മൊഴി രേഖപ്പെടുത്താൻ നടൻ രമേശ് പിഷാരടിയെയും ബന്ധപ്പെട്ടവരെയും സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്.
പ്രീ പോൾ സർവേകളുടെ പ്രക്ഷേപണം നിരോധിക്കുകയോ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന പരാതിയിൽ, സർവേകളുടെ രീതിശാസ്ത്രവും ധനസ്രോതസുകളും പൂർണമായി വെളിപ്പെടുത്താൻ മാധ്യമങ്ങളോട് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെടുന്നു.
തിരഞ്ഞെടുപ്പിന്റെ വിശുദ്ധിയും നിഷ്പക്ഷതയും ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. ജെ.എസ്. അഖിൽ ആവശ്യപ്പെട്ടു.
