പാര്‍ട്ടി വിട്ട മുന്‍ എംഎല്‍എയും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ പി.കെ. ശശിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. വഞ്ചകന്‍മാര്‍ ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ലെന്നും ചരിത്രം എന്നും അവരെ ഒറ്റപ്പെടുത്തുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലത്ത് നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. യുഡിഎഫ് എത്രമാത്രം പ്രതിസന്ധിയിലാണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നതാണെന്നും, അവരുടെ ഗതികേടിന്റെ വ്യക്തമായ ചിത്രം ഇവിടെ കാണാമെന്നും അദ്ദേഹം ആരോപിച്ചു.
ചരിത്രം ഒരിക്കലും വഞ്ചകന്‍മാര്‍ക്ക് വിജയം നല്‍കിയിട്ടില്ലെന്നും, ഓരോ കാലത്തും അവരെ ഒറ്റപ്പെടുത്തിയാണ് ചരിത്രം മുന്നേറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഒറ്റപ്പെടല്‍ അതിന്റേതായ രീതിയില്‍ വഞ്ചകന്‍മാര്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടിനെ പരിഹസിക്കാനും ജനങ്ങളെ വിലകുറച്ച് കാണാനും ബഹുജനങ്ങളെ അവമതിക്കാനും ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും രക്ഷയില്ലെന്നും, ഇത് ഒരു പാഠമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
