കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി വിതറിയതായി പരാതി. പേരാവൂർ നിയോജകമണ്ഡലത്തിലെ 85-ാം നമ്പർ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് നായ്ക്കുരണപ്പൊടി വിതറിയെന്നാണ് ആരോപണം. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യു ഡി എഫ് ആരോപിച്ചു.
വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് അഡ്വ. സണ്ണി ജോസഫ് പ്രതികരിച്ചു. സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശരീരത്തിൽ പതിച്ചാൽ കടുത്ത ചൊറിച്ചിൽ ഉണ്ടാക്കുന്ന, പയർവർഗത്തിൽപ്പെടുന്ന നായ്ക്കുരണ സസ്യത്തിൽ നിന്നുള്ള പൊടിയാണ് വിതറിയതെന്നാണ് വിവരം.
