2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, അഭിമാനകരമായ ഈ കായികമാമാങ്കത്തിന് ഹൈദരാബാദും തെലങ്കാനയും വേദിയാകുന്നത് കാണുകയെന്നത് തന്റെ സ്വപ്നമാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഒളിമ്പിക്‌സ് പോലുള്ള ആഗോള കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ സംസ്ഥാനവും തലസ്ഥാന നഗരവും എല്ലാ വിധത്തിലും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയുടെ സാന്നിധ്യത്തിൽ ഗച്ചിബൗളി സ്‌പോർട്‌സ് ഡിസ്ട്രിക്റ്റും യംഗ് ഇന്ത്യ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് 82 ഏക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്‌പോർട്‌സ് സർവകലാശാലയും ലോകോത്തര നിലവാരത്തിലുള്ള കായിക അക്കാദമിയും സ്ഥാപിക്കുമെന്ന് രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. കായികരംഗത്ത് രാജ്യത്തിന് വ്യക്തമായ നയത്തിന്റെ അഭാവം തിരിച്ചടിയായിട്ടുണ്ടെന്നും അതുകൊണ്ടാണ് തെലങ്കാന സമഗ്രമായ കായിക നയം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള കായിക പരിശീലന കേന്ദ്രങ്ങളെയും സ്‌പോർട്‌സ് സർവകലാശാലകളെയും ഏകോപിപ്പിക്കുന്ന ദേശീയ നയം അനിവാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സ്വാതന്ത്ര്യസമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന “യംഗ് ഇന്ത്യ” എന്ന പ്രസിദ്ധീകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യംഗ് ഇന്ത്യ സ്‌പോർട്‌സ് സർവകലാശാലയ്ക്ക് പേര് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഫ്രോ-ഏഷ്യൻ ഗെയിംസ്, ലോക സൈനിക ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ പ്രധാന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഹൈദരാബാദ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വലിയ അന്താരാഷ്ട്ര കായികമേളകളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകദേശം 23 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച നിരവധി സ്റ്റേഡിയങ്ങൾ പിന്നീട് വിവാഹങ്ങൾക്കും രാഷ്ട്രീയ പരിപാടികൾക്കുമാണ് കൂടുതലായി ഉപയോഗിക്കപ്പെട്ടതെന്നും അവയെല്ലാം നവീകരിച്ച് വീണ്ടും കായിക ആവശ്യങ്ങൾക്ക് സജ്ജമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥ കായിക പ്രതിഭകൾക്ക് മികച്ച പരിശീലനവും പിന്തുണയും ഉറപ്പാക്കുന്നതിനായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സ്‌പോർട്‌സ് സർവകലാശാല സ്ഥാപിക്കുകയാണെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
