E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജിൽ നേരിയ കുറവ് വരുത്തിയേക്കാമെങ്കിലും എഞ്ചിനോ വാഹനത്തിനോ കേടുപാടുകൾ ഉണ്ടാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
എത്തനോളിന് പെട്രോളിനേക്കാൾ കുറഞ്ഞ കലോറിഫിക് മൂല്യമുള്ളതിനാൽ മൈലേജിൽ ചെറിയ വ്യത്യാസം ഉണ്ടാകാമെന്ന് ഗഡ്കരി പറഞ്ഞു. എന്നാൽ നഗരങ്ങളിലെ ഗതാഗതക്കുരുക്കും ഡ്രൈവിംഗ് രീതിയും മൈലേജിനെ കൂടുതൽ സ്വാധീനിക്കുമെന്നും, ഹൈവേകളിൽ സ്ഥിരമായ വേഗതയിൽ യാത്ര ചെയ്യുമ്പോൾ വലിയ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
E20 ഇന്ധനം എഞ്ചിൻ തകരാറുകൾക്ക് കാരണമാകുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗഡ്കരി പറഞ്ഞു. എത്തനോൾ മിശ്രിത ഇന്ധനം അവതരിപ്പിക്കുന്നതിന് മുമ്പ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് വിശദമായ പരിശോധനകൾ നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ വാഹനങ്ങളിൽ ചില റബർ വാഷറുകൾ പോലുള്ള ചെറിയ ഭാഗങ്ങൾ മാറ്റേണ്ടി വരാമെങ്കിലും അത് സർവീസിംഗ് സമയത്ത് സൗജന്യമായി മാറ്റാൻ നിർമാതാക്കളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പലപ്പോഴും എഞ്ചിൻ തകരാറുകൾക്ക് കാരണം E20 അല്ല, മറിച്ച് നിലവാരമില്ലാത്തതോ മായം കലർന്നതോ ആയ ഇന്ധനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്തനോളിന് ഉയർന്ന ഒക്ടേൻ റേറ്റിംഗും മികച്ച ആന്റി-നോക്ക് ഗുണങ്ങളും ഉള്ളതിനാൽ പ്രകടനക്ഷമതയിലും ഇത് വിശ്വസനീയമായ ഇന്ധനമാണെന്ന് ഗഡ്കരി വ്യക്തമാക്കി. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായി, ടൊയോട്ട, മാരുതി സുസുക്കി ഉൾപ്പെടെ നിരവധി വാഹന നിർമാതാക്കൾ ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യയിലുള്ള പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
1970-കളിൽ മുതൽ ബ്രസീൽ 27 ശതമാനം എത്തനോൾ കലർന്ന പെട്രോൾ ഉപയോഗിച്ചുവരുന്നതായും അവിടെ ഇത്തരം വാഹനങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ഇന്ധന ഇറക്കുമതി കുറയ്ക്കുകയും ഊർജസ്വാശ്രയത്വം വർധിപ്പിക്കുകയും ചെയ്യുന്നതിനാണ് സർക്കാർ എത്തനോൾ, മെഥനോൾ, ഐസോ-ബ്യൂട്ടനോൾ തുടങ്ങിയ തദ്ദേശീയ ഇന്ധനങ്ങൾക്ക് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവർഷം ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും, ഈ ആശ്രിതത്വം കുറച്ച് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ബദൽ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഗഡ്കരി വ്യക്തമാക്കി.
