സംസ്ഥാന ഭരണത്തിൽ മറ്റ് മന്ത്രിമാരെയും ഘടകകക്ഷികളെയും നോക്കുകുത്തിയാക്കി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ ശൈലിക്കെതിരെ യു.ഡി.എഫിലും കോൺഗ്രസിനുള്ളിലും വൻ പടപ്പുറപ്പാട്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നടപടികൾക്ക് തടയിടാൻ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഒരു ‘കോർഡിനേഷൻ കമ്മിറ്റി’ രൂപീകരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം.
കർണാടകത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹൈക്കമാൻഡ് സമാനമായൊരു സമിതിക്ക് പച്ചക്കൊടി കാട്ടിയിരുന്നു. ഇതേ ‘കർണാടക മോഡൽ’ കേരളത്തിലും വേണമെന്നാണ് കോൺഗ്രസ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഒരേപോലെയുള്ള നിലപാട്. ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലെത്തി ഹൈക്കമാൻഡ് നേതാക്കളെ നേരിൽ കാണാൻ മുതിർന്ന നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
തുടക്കത്തിലേ മുഖ്യമന്ത്രിയുടെ ഈ പോക്ക് തടഞ്ഞില്ലെങ്കിൽ മുന്നണിക്ക് വൻ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് എം.പിമാരും കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടുണ്ട്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്ക് പുറമെ ഘടകകക്ഷിയായ മുസ്ലിം ലീഗും മുഖ്യമന്ത്രിയുടെ നിലപാടുകളിൽ കടുത്ത പ്രതിഷേധത്തിലാണ്.
റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയാതെ മുഖ്യമന്ത്രി നേരിട്ടിടപെട്ട് കളക്ടർമാരെ മാറ്റിയതും, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയാതെ പുതിയ വ്യവസായ വകുപ്പ് ഡയറക്ടറെ നിയമിച്ചതുമാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്.
സസ്പെൻഷനിൽ തുടരുന്ന ഐ.എ.എസ് ഓഫീസർമാരായ ബി. അശോക്, എൻ. പ്രശാന്ത് എന്നിവരെ സർവ്വീസിൽ തിരിച്ചെടുക്കാത്തതും മുഖ്യമന്ത്രിക്ക് എതിരെയുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടുന്നു. ബി. അശോകിനെ ആഭ്യന്തര സെക്രട്ടറിയാക്കണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യത്തിന്മേൽ മുഖ്യമന്ത്രി മുഖം തിരിച്ചത് ചെന്നിത്തലയെയും കടുത്ത നിലപാടിലേക്ക് നയിച്ചിട്ടുണ്ട്.
കേന്ദ്ര സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ ചുമതല പൊതുഭരണ വകുപ്പിനായതിനാൽ, ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
മുന്നണിയിലെ പ്രമുഖ നേതാക്കൾ തമ്മിൽ പരസ്പര ധാരണയോ ചർച്ചയോ ഇല്ലാത്തതിനാൽ പോലീസ് ഉന്നതതലത്തിലെ അഴിച്ചുപണിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇത് യു.ഡി.എഫിന്റെ ഔദ്യോഗിക പോലീസ് നയം നടപ്പാക്കുന്നതിന് വലിയ തടസ്സമായി മാറുന്നുണ്ടെന്ന് ഉന്നത നേതാക്കൾ തന്നെ സമ്മതിക്കുന്നു. മുഖ്യമന്ത്രി ഏകപക്ഷീയമായി ഐ.എ.എസ് – ഐ.പി.എസ് നിയമനങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മറ്റ് മന്ത്രിമാരുള്ളത്. കനത്ത രാഷ്ട്രീയ അടിയൊഴുക്കുകളാണ് വരും ദിവസങ്ങളിൽ കേരള ഭരണതലത്തിൽ സംഭവിക്കാൻ പോകുന്നത്.
