പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളിൽ കടുത്ത പ്രതികരണവുമായി കെ.ടി. ജലീൽ എംഎൽഎ. പിണറായി വിജയനൊപ്പം ഏതറ്റം വരെയും കൂടെയുണ്ടാകുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേന്ദ്ര-കേരള സർക്കാരുകളുടെ സർവ്വസന്നാഹങ്ങളും ഒരുമിച്ച് ഇറങ്ങിവന്നാലും പിണറായി വിജയനെ തൊടാൻ കഴിയില്ലെന്ന് ജലീൽ കുറിച്ചു.
കേരള നിയമസഭയിൽ വെച്ച് തന്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച്, “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്” യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച നേതാവാണ് പിണറായി വിജയനെന്ന് കെ.ടി. ജലീൽ ഓർമ്മിപ്പിച്ചു.
“അതാള് വേറെയാണ്. കള്ളക്കേസുകളും ജയിലുകളും ക്രൂരമായ മർദ്ദനങ്ങളും എത്രയോ തവണ നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഒന്നടങ്കം അദ്ദേഹത്തിന്റെ ഒരു റാത്തൽ ഇറച്ചിക്കായി പേപിടിച്ച് ഓടിനടന്നിട്ടും ആ മനുഷ്യനെ ഒരു ചുക്കും ചെയ്യാൻ ആർക്കും കഴിഞ്ഞിട്ടില്ല,” ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത ചരിത്രമാണ് പിണറായിയുടേത്. കേരളത്തിൽ നേരിട്ടെത്തി ഇവിടുത്തെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ, “അതിന് ആ തടി പോര” എന്ന് മുഖത്തുനോക്കി തിരിച്ചടിച്ച് തന്റെ പോരാട്ട വീര്യം തെളിയിച്ച ധീരനാണ് പിണറായി വിജയനെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.
