കേരളത്തിലെ യു.ഡി.എഫ് വിജയത്തിന് പിന്നിൽ എ.ഐ.സി.സി നേതൃത്വത്തിന്റെയുംകെസി വേണുഗോപാലിന്റെയും നിർണായക ഇടപെടലാണെന്ന് വിലയിരുത്തൽ. സംസ്ഥാനമൊട്ടാകെ വ്യാപകമായ പ്രചാരണവും കൃത്യമായ സംഘാടക ശക്തിയും വിജയം ഉറപ്പാക്കുന്നതിൽ നിർണായകമായി.
ഇന്ദിരാ ഗ്യാരണ്ടി ഉൾപ്പെടെയുള്ള പ്രധാന വാഗ്ദാനങ്ങൾ രൂപീകരിക്കുകയും അത് ജനങ്ങളിൽ ഫലപ്രദമായി എത്തിക്കുകയും ചെയ്തതിൽ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടായതായി വിലയിരുത്തപ്പെടുന്നു. എൺപതിലധികം മണ്ഡലങ്ങളിൽ അദ്ദേഹം നേരിട്ട് പൊതുയോഗങ്ങളിൽ പങ്കെടുത്തത് പ്രചാരണത്തിന് ഊർജം നൽകി.
ബി.ജെ.പി–സി.പി.എം ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായി ഉയർന്നു. പിണറായി വിജയൻ വിവിധ കേന്ദ്ര നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം ശക്തിപ്പെടുത്തിയത്.
എഫ്.സി.ആർ.എ നിയമ ഭേദഗതിക്കെതിരായ പ്രചാരണം ശക്തമാക്കി ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നതിലും യു.ഡി.എഫ് ശ്രദ്ധിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി ഉയർന്നു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ എ.ഐ.സി.സി മാസങ്ങളോളം നടത്തിയ സർവേകളും പഠനങ്ങളും നിർണായകമായി. ജനസ്വീകാര്യതയുള്ള സ്ഥാനാർത്ഥികളെ മുന്നിലെത്തിച്ചതോടെ ശക്തമായ പട്ടിക പുറത്തിറക്കാൻ സാധിച്ചു. വിമത സാധ്യതകൾ മുൻകൂട്ടി നിയന്ത്രിച്ച്, സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളെ പാർട്ടിയിൽ സജീവമായി നിലനിർത്താനും നേതൃത്വം ശ്രമിച്ചു.
താഴെത്തട്ടിൽ വരെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ ത്രിതല നിരീക്ഷണ സംവിധാനവും നടപ്പാക്കി. ദേശീയ-സംസ്ഥാന തല നേതാക്കളെ ഉൾപ്പെടുത്തി മണ്ഡലങ്ങളിലെ സാഹചര്യം നിരന്തരം വിലയിരുത്തി.
ദേശീയ നേതാക്കളായ രാഹുൽ, പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണവും നടന്നു. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളും പ്രചാരണ രംഗത്ത് സജീവമായി പങ്കെടുത്തു.
ഘടകകക്ഷികളുമായുള്ള ഏകോപനവും സീറ്റ് വിഭജനവും കാര്യക്ഷമമായി നടപ്പാക്കി. വിവിധ മത-സാമുദായിക സംഘടനകളുമായി നടത്തിയ ഇടപെടലുകൾ വഴി സാമൂഹിക സമവാക്യം ഉറപ്പാക്കാനും യു.ഡി.എഫ് ശ്രമിച്ചു. ഇതെല്ലാം ചേർന്നാണ് സംസ്ഥാനത്ത് യു.ഡി.എഫിന് ചരിത്രപരമായ വിജയം നേടാൻ വഴിയൊരുങ്ങിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
