പല മണ്ഡലങ്ങളിലും ട്വന്റി 20യെ നിർത്തി സിപിഐഎമ്മും ബിജെപിയും പരസ്പരം സഹായിക്കുന്നു: വിഡി സതീശൻ

സിപിഐഎം–ബിജെപി തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ ഇത്തരത്തിലുള്ള “ഡീൽ” നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കാട്, റാന്നി തുടങ്ങിയ പ്രദേശങ്ങളിൽ ട്വന്റി 20 സ്ഥാനാർത്ഥികളെ നിർത്തി സിപിഐഎമ്മും ബിജെപിയും പരസ്പരം സഹായിക്കുന്നുവെന്നാണ് സതീശന്റെ വാദം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. ആർഎസ്എസുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ ആരോപിച്ചു. ജയിക്കാൻ സാധ്യത കുറഞ്ഞപ്പോൾ ബിജെപിയുമായി ധാരണയിലേക്ക് പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് വ്യക്തമാക്കിയ സതീശൻ, സർക്കാർ നികുതി പണം ഉപയോഗിച്ച് പരസ്യങ്ങൾ നടത്തുന്നതായും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി വ്യാപകമായി പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതായും, ടെലിവിഷൻ സീരിയലുകളിലുപോലും സർക്കാർ പരസ്യങ്ങൾ കാണിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക