സ്ഥാനാർഥിയായിരിക്കുമ്പോൾ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ചതിയനുഭവിക്കേണ്ടി വന്നു: പി. കെ. ജയലക്ഷ്മി

സ്ഥാനാർഥിയായിരിക്കുമ്പോൾ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ചതിയനുഭവിക്കേണ്ടി വന്നുവെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. കെ. ജയലക്ഷ്മി തുറന്നുപറഞ്ഞു. വയനാട് ജില്ലയിലെ മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു അവരുടെ പ്രതികരണം.

കഴിഞ്ഞ പത്ത് വർഷമായി രണ്ട് തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മാനന്തവാടിയിൽ മത്സരിച്ചിരുന്നുവെന്ന് ജയലക്ഷ്മി പറഞ്ഞു. എന്നാൽ അന്നത്തെ തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ചിലർ ചതിയൊരുക്കിയെന്നും, അത് ഒരു സ്ഥാനാർത്ഥിയായിരുന്ന തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആത്മാർത്ഥ ആഗ്രഹം പലർക്കുമുണ്ടായിരുന്നിട്ടും, അകത്ത് നിന്നുകൊണ്ട് ചില ശക്തികൾ തകരാറുണ്ടാക്കിയതായി അവർ ആരോപിച്ചു. സ്വന്തം പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞ സംഭവങ്ങളും, പ്രചാരണ വാഹനങ്ങൾ നിർത്തി പ്രവർത്തനം തടസ്സപ്പെടുത്തിയ സംഭവങ്ങളും അന്ന് ശ്രദ്ധയിൽപ്പെട്ടില്ലെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ വീടുകളിലെത്തി തനിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രചരിപ്പിച്ചവരും ഉണ്ടായിരുന്നു എന്നും ജയലക്ഷ്മി ആരോപിച്ചു. എന്നാൽ ആരുടെയും പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇനി മറ്റാരും നേരിടാതിരിക്കണമെന്നതിനാലാണ് ഇത് തുറന്ന് പറയുന്നതെന്നും, അന്ന് താൻ മാത്രം അല്ല യുഡിഎഫ് സ്ഥാനാർത്ഥിയെന്ന നിലയിൽ മുഴുവൻ മുന്നണിയും ബാധിക്കപ്പെട്ടതാണെന്നും ജയലക്ഷ്മി പറഞ്ഞു

മറുപടി രേഖപ്പെടുത്തുക