രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി ശിബിരം; വിശദീകരണം തേടി കെപിസിസി, നടപടിക്ക് സാധ്യത

തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്ഥാപനത്തിന്റെ ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി നേതൃത്വം. സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ജൂൺ 27, 28 തീയതികളിലായിരുന്നു ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരം നടന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ പരിപാടിക്കായി വാടകയ്ക്ക് നൽകിയതോടെയാണ് കോൺഗ്രസിനുള്ളിൽ രാഷ്ട്രീയ വിവാദം ശക്തമായത്.

അതേസമയം, രാഷ്ട്രീയ വ്യത്യാസമില്ലാതെ വിവിധ സംഘടനകളുടെ പരിപാടികൾക്കായി ഹാൾ സാധാരണയായി വാടകയ്ക്ക് നൽകാറുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലക്കാരുടെ വിശദീകരണം. മുൻ ഡിജിപി ആർ. ശ്രീലേഖ അടക്കമുള്ളവർ ബിജെപി പഠന ശിബിരത്തിൽ പങ്കെടുത്തിരുന്നു.

സംഭവത്തിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നും പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരമൊരു തീരുമാനം എടുത്തോ എന്നും പരിശോധിക്കാനാണ് കെപിസിസിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് വിശദീകരണം തേടിയിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.

സാധാരണയായി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി സ്ഥാപനത്തിന്റെ ഹാൾ അനുവദിക്കാറില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സ്ഥാപനത്തിന്റെ ചെയർമാൻ. സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പ് ചുമതല കെപിസിസി ജനറൽ സെക്രട്ടറിക്കാണ്.

മറുപടി രേഖപ്പെടുത്തുക