കാൻസറിനെതിരായ തന്റെ പോരാട്ടാനുഭവങ്ങൾ പങ്കുവെക്കാൻ അവസരം നൽകിയതിന് നടൻ നന്ദമുരി ബാലകൃഷ്ണയ്ക്ക് നന്ദി അറിയിച്ച് നടി മമ്ത മോഹൻദാസ് . ബസവതാരകം ഇന്തോ-അമേരിക്കൻ കാൻസർ ആശുപത്രിയുടെ 25-ാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മംമ്ത സമൂഹമാധ്യമങ്ങളിലൂടെ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്.
ജീവിതത്തിലെ ചില പോരാട്ടങ്ങൾ അതീവ ദൈർഘ്യമേറിയതും ക്ഷീണിപ്പിക്കുന്നതുമാണെന്ന് പറഞ്ഞ മംമ്ത, കാൻസർ രോഗികൾ നേരിടുന്ന മാനസിക വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞു. രോഗത്തോട് പോരാടുന്ന ഒരാൾക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരനുഭവം, നിരവധി ആളുകൾക്കിടയിൽ ഉണ്ടായിരിക്കുമ്പോഴും ആരും തന്നെ മനസ്സിലാക്കുന്നില്ലെന്ന തോന്നലാണെന്ന് അവർ കുറിച്ചു.
സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകാത്തവർക്ക് കാൻസർ രോഗികളുടെ മാനസികാവസ്ഥ പൂർണമായി മനസ്സിലാക്കുക എളുപ്പമല്ലെന്നും മംമ്ത അഭിപ്രായപ്പെട്ടു. അത്തരം സാഹചര്യങ്ങളിൽ രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നതിൽ ബസവതാരകം ഇന്തോ-അമേരിക്കൻ കാൻസർ ആശുപത്രി പോലുള്ള സ്ഥാപനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
എൻ ടി രാമറാവു തന്റെ ഭാര്യ ബസവതാരകത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ആശുപത്രിയുടെ ദൗത്യം മകൻ ബാലകൃഷ്ണ സമർപ്പണബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനെ മംമ്ത അഭിനന്ദിച്ചു. വ്യക്തിപരമായ ഒരു വേദനയെ സമൂഹസേവനമായി മാറ്റിമറിച്ചുകൊണ്ട് കഴിഞ്ഞ 25 വർഷത്തിലേറെയായി ആശുപത്രി ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
കാൻസറിനെതിരായ പോരാട്ടത്തിൽ പിന്തുണ ലഭിക്കാതെ ഒറ്റപ്പെടുന്നവർക്കും പ്രതീക്ഷയും കരുത്തും പകരുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ടുപോകട്ടെയെന്നും ആശുപത്രിയുടെ സേവനങ്ങൾക്ക് ആശംസകൾ നേർന്നും മംമ്ത തന്റെ കുറിപ്പ് അവസാനിപ്പിച്ചു.
