തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുന്ന ദിവസം വിദൂരമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. സംസ്ഥാനത്ത് പാർട്ടിയെ അധികാരത്തിലേൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തകർ കൂടുതൽ ശക്തമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഹൈദരാബാദിലെ ഷംഷാബാദിൽ നടന്ന പരിപാടിയിൽ രംഗ റെഡ്ഡി റൂറൽ ജില്ലാ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുകയും ഒമ്പത് ജില്ലകളിലെ പുതിയ പാർട്ടി ഓഫീസുകളുടെ വെർച്വൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിൽ ബിജെപി നേടിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയ നിതിൻ നബിൻ, അതേ ആത്മവിശ്വാസത്തോടെയും സമർപ്പണത്തോടെയും തെലങ്കാനയിലും പ്രവർത്തിക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടു. ബംഗാളിൽ പോരാട്ടവും ത്യാഗവും കഠിനാധ്വാനവും വഴിയാണ് പാർട്ടി വളർന്നതെന്നും അതിന്റെ ഫലമായാണ് അവിടെ താമര വിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വർഷങ്ങളായി അധികാരത്തിലിരുന്ന ശക്തികൾ ഭരണത്തെ ജനസേവനത്തിനല്ല, വ്യക്തിപരമായ നേട്ടങ്ങൾക്കായാണ് ഉപയോഗിച്ചതെന്ന് ആരോപിച്ച അദ്ദേഹം, നിലവിലെ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ ജനകീയ സമരങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും വ്യക്തമാക്കി.
(ബിആർഎസ് സർക്കാരിനെ ദുർബലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ബിജെപിയാണെങ്കിലും അതിന്റെ രാഷ്ട്രീയ നേട്ടം കോൺഗ്രസിന് ലഭിച്ചുവെന്ന് നിതിൻ നബിൻ ആരോപിച്ചു. ദേശീയ താൽപര്യങ്ങളിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യുകയാണെന്നും സംസ്ഥാനത്ത് അഴിമതിയും അരാജകത്വവും നിറഞ്ഞ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
തെലങ്കാനയിൽ സംഘടനയെ അടിത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്താൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ ഗ്രാമത്തിലും നഗരത്തിലും തെരുവിലും ബിജെപിയുടെ ആശയങ്ങളും നയങ്ങളും ജനങ്ങളിലെത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിവിധ ക്ഷേമപദ്ധതികളിലൂടെ തെലങ്കാനയിലെ ജനങ്ങൾക്ക് സേവനം നൽകുന്നുണ്ടെന്ന് നിതിൻ നബിൻ പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരണത്തിലുള്ള ‘ഇരട്ട എഞ്ചിൻ സർക്കാർ’ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1984-ൽ രാജ്യത്താകെ ബിജെപിക്ക് വെറും രണ്ട് ലോക്സഭാംഗങ്ങൾ മാത്രമുണ്ടായിരുന്നപ്പോൾ അവരിൽ ഒരാൾ തെലങ്കാന മേഖലയിൽ നിന്നായിരുന്നുവെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ബിജെപി തെലങ്കാനയ്ക്ക് പുറത്തുനിന്നുള്ള പാർട്ടിയാണെന്ന വിമർശനം വസ്തുതാവിരുദ്ധമാണെന്നും പറഞ്ഞു.
‘രാജ്യം ആദ്യം, പാർട്ടി പിന്നെ, വ്യക്തി അവസാനം’ എന്ന ആശയത്തിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് നിതിൻ നബിൻ പറഞ്ഞു. 2047ഓടെ ‘വിക്ഷിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുകയാണ് പാർട്ടിയുടെ ദൗത്യമെന്നും അതിനായി തെലങ്കാനയിൽ ബിജെപിയുടെ വളർച്ച നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
