സൗദി അറേബ്യയിലെ റാസ് തനുരയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്പിഎ അറിയിച്ചു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇറാനെതിരായ യുഎസ്–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഏകദേശം നാല് മാസത്തോളം പ്രവർത്തനം നിർത്തിവച്ചിരുന്ന ഗൾഫ് മേഖലയിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ റാസ് തനുര ടെർമിനലിൽ നിന്ന് സൗദി അരാംകോ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂഡ് ഓയിൽ ലോഡിംഗ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചത്. ഇതിനിടെയാണ് ദാരുണമായ ഹെലികോപ്റ്റർ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.
