ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് തെറ്റായി പരാമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രസീലിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ലാണ് പരാമർശം നടത്തിയത്.
‘ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ 125 ദശലക്ഷം ആളുകൾ വോട്ട് ചെയ്തു’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. വോട്ടെടുപ്പ് അവസാനിച്ച ഉടൻ ഫലം പുറത്തുവന്നതായും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അമേരിക്കയിലെ ഡെട്രോയിറ്റ്, ഫിലാഡൽഫിയ, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിൽ കുറച്ച് വോട്ടുകൾ മാത്രമുള്ളപ്പോഴും ഫലം എണ്ണാൻ ആഴ്ചകൾ എടുക്കുന്നുവെന്ന് വിമർശിച്ചു. അമേരിക്കയിലെ വോട്ടിംഗ് സംവിധാനം അഴിമതി നിറഞ്ഞതാണെന്നും ട്രംപ് ആരോപിച്ചു.
എന്നാൽ ട്രംപിന്റെ പരാമർശത്തിൽ ഇന്ത്യയല്ല, ബ്രസീലിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതെന്ന വസ്തുതയാണ് ശ്രദ്ധയിൽപ്പെട്ടത്. ഇന്ത്യയിൽ ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നില്ലെന്ന കാര്യവും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ട്രംപിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേർ കമന്റ് ബോക്സിലൂടെ അദ്ദേഹത്തിന്റെ തെറ്റ് തിരുത്തി.
അതേസമയം, വൈറ്റ് ഹൗസിന്റെ ഔദ്യോഗിക റാപ്പിഡ് റെസ്‌പോൺസ് അക്കൗണ്ടും ട്രംപിന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്തിരുന്നു.
ബ്രസീൽ തിരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ട്
ബ്രസീലിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ വലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബോൾസോനാരോ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെക്കാൾ മുന്നിലെത്തി. എന്നാൽ 50 ശതമാനത്തിലധികം വോട്ട് നേടി ആർക്കും നേരിട്ട് വിജയിക്കാൻ കഴിഞ്ഞില്ല.
98.81 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഫ്ലാവിയോ ബോൾസോനാരോയ്ക്ക് 47.24 ശതമാനവും ലുല ഡ സിൽവയ്ക്ക് 44.91 ശതമാനവും വോട്ട് ലഭിച്ചതായാണ് പുറത്തുവന്ന കണക്ക്. ഇതോടെ ഇരുവരും തമ്മിൽ ഒക്ടോബർ 25ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കും.
മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ മകനാണ് ഫ്ലാവിയോ ബോൾസോനാരോ. മുൻ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ സൈനിക അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന കേസിൽ ജെയർ ബോൾസോനാരോ 27 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
ആദ്യ റൗണ്ടിലെ ഫ്ലാവിയോയുടെ മുന്നേറ്റത്തോടെ രണ്ടാം റൗണ്ടിൽ ലുല ഡ സിൽവയ്ക്ക് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്. ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനം വലതുപക്ഷ ശക്തികൾക്ക് ലഭിക്കുന്നത് തടയുകയാണ് ലുലയുടെ മുന്നിലുള്ള പ്രധാന രാഷ്ട്രീയ വെല്ലുവിളി.
