കെ. സുധാകരന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം; അന്വേഷണം തുടങ്ങി സൈബർ പൊലീസ്

കെപിസിസി മുൻ അധ്യക്ഷനും എംപിയുമായ കെ. സുധാകരന്റെ പേരിൽ വ്യാജ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പി.ആർ. രാജീവ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് നടപടി.

മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ നടത്തിയെന്ന തരത്തിൽ വ്യാജ സന്ദേശങ്ങളും വാർത്താ കാർഡുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

വ്യാജ പ്രചാരണങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കിൽ ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന തരത്തിലുള്ള പരാമർശങ്ങൾ കെ. സുധാകരൻ നടത്തിയതായി ചിത്രീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇത്തരം ഉള്ളടക്കങ്ങൾ ഉപയോഗിച്ച് വ്യാജ വാർത്താ കാർഡുകളും പോസ്റ്ററുകളും വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിൽ പ്രതികരിച്ച് കെ. സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ താൻ പ്രസ്താവന നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങളും പോസ്റ്ററുകളും പൂർണമായും വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്നും, പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തി ബന്ധപ്പെട്ടവർക്കെതിരെ ബാധകമായ സൈബർ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

വ്യാജവാർത്ത പ്രചാരണവും വ്യക്തിഹത്യയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാകില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നിയമവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി അനിവാര്യമാണെന്നും കെ. സുധാകരൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക