പന്തിൽ കൃത്രിമം കാണിക്കാൻ കുപ്പിമൂടികൾ ഉപയോഗിച്ചു; പാകിസ്ഥാന്റെ പഴയ രീതികൾ വെളിപ്പെടുത്തി ഷോയിബ് അക്തർ

പന്തിൽ കൃത്രിമം കാണിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിന്റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. മുൻകാലങ്ങളിൽ പന്തിന്റെ ആകൃതി മാറ്റാനും റിവേഴ്‌സ് സ്വിങ് ലഭിക്കാനുമായി സാൻഡ്പേപ്പറിന് പകരം കൂൾഡ്രിങ്ക് കുപ്പികളുടെ മൂടികൾ ഉപയോഗിച്ചിരുന്നതായാണ് അക്തർ വെളിപ്പെടുത്തിയത്.

ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജയുടെ പുതിയ ആത്മകഥയായ ‘സബർ’ പുറത്തിറങ്ങിയതോടെയാണ് പന്തിൽ കൃത്രിമം കാണിച്ച സംഭവങ്ങൾ വീണ്ടും ചർച്ചയായത്. 2018ലെ കേപ് ടൗൺ ടെസ്റ്റിലെ സാൻഡ്പേപ്പർ വിവാദത്തിൽ ഓസീസ് ടീമിലെ ഭൂരിഭാഗം താരങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും കാമറൂൺ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരെ മാത്രം കുറ്റക്കാരാക്കി മാറ്റുകയായിരുന്നുവെന്നും ഖവാജ പുസ്തകത്തിൽ ആരോപിച്ചിരുന്നു.

ഇതിനോട് പ്രതികരിക്കവെയാണ് പാകിസ്ഥാൻ ടീമിന്റെ മുൻകാല രീതികളെക്കുറിച്ച് അക്തർ തുറന്നുപറഞ്ഞത്. ഇംഗ്ലണ്ട് പര്യടനങ്ങളിൽ പന്തിൽ പോറലുകൾ സൃഷ്ടിക്കാൻ കുപ്പിമൂടികൾ ഉപയോഗിച്ചിരുന്നുവെന്നും പന്തുകൾ മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഒന്നോ രണ്ടോ താരങ്ങളുടെ വ്യക്തിപരമായ തീരുമാനമായിരുന്നില്ലെന്നും ടീമിന്റെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും അക്തർ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ റിവേഴ്‌സ് സ്വിങ് നിർണായകമായതിനാലാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പന്തിൽ കൃത്രിമം കാണിക്കുന്ന കാര്യങ്ങൾ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന ഖവാജയുടെ അഭിപ്രായത്തോട് യോജിക്കുന്നതായും അക്തർ പറഞ്ഞു. എന്നാൽ പഴയ സംഭവങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയാക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകാല തെറ്റുകളെക്കുറിച്ച് അറിയാമെങ്കിലും സഹതാരങ്ങളുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റിന് സംഭവിക്കേണ്ട നാശനഷ്ടങ്ങൾ ഇതിനകം സംഭവിച്ചുകഴിഞ്ഞെന്നും അക്തർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക