അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; ‘ഉചിതമായ മറുപടി നൽകും’ എന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ താലിബാൻ അപലപിച്ചു. ആക്രമണങ്ങൾക്ക് ‘ഉചിതമായ മറുപടി’ നൽകുമെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച നടന്ന ആക്രമണങ്ങളിൽ അഫ്ഗാൻ പ്രദേശങ്ങളിലെ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്ന് മുജാഹിദ് ആരോപിച്ചു. കുനാറിലെ ബോംബാക്രമണത്തിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും കൊല്ലപ്പെടുകയും രണ്ട് സ്ത്രീകൾക്കും രണ്ട് പുരുഷന്മാർക്കും പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. പക്തികയിൽ ഒരു വീടിനും പ്രാദേശിക കടയ്ക്കും നേരെ ആക്രമണമുണ്ടായെങ്കിലും ആളപായമില്ലെന്നും മുജാഹിദ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ആക്രമണം പാകിസ്ഥാൻ സൈനിക നേതൃത്വം സ്വന്തം രാജ്യത്തെ സുരക്ഷാ പരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് നടത്തുന്നതെന്നും മുജാഹിദ് ആരോപിച്ചു. ആക്രമണത്തെ അപലപിച്ച അദ്ദേഹം, അഫ്ഗാനികൾ ഇതിന് ഉചിതമായ മറുപടി നൽകുമെന്നും എക്സിലൂടെ പ്രതികരിച്ചു.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം കഴിഞ്ഞ മാസങ്ങളിൽ വർധിച്ചുവരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ. അഫ്ഗാൻ മണ്ണിൽ തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഉൾപ്പെടെയുള്ള സായുധ സംഘങ്ങളുടെ പ്രവർത്തനം തടയുന്നതിൽ താലിബാൻ പരാജയപ്പെട്ടുവെന്നാണ് പാകിസ്ഥാന്റെ ആവർത്തിച്ചുള്ള ആരോപണം. എന്നാൽ ഈ ആരോപണം അഫ്ഗാൻ അധികൃതർ നിഷേധിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക