അയോധ്യ രാമക്ഷേത്ര സംഭാവനാ കൊള്ള: ട്രസ്റ്റിനെതിരെ ഗുരുതര കണ്ടെത്തൽ; പ്രതികൾക്കായി ഹാജരാകില്ലെന്ന് അഭിഭാഷകർ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ള സംബന്ധിച്ച് ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). സംഭാവനാ കൊള്ള നടന്ന വിവരം ട്രസ്റ്റിന് നേരത്തെ അറിയാമായിരുന്നിട്ടും പൊലീസിൽ പരാതി നൽകിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയുടെ വീട് ട്രസ്റ്റ് അംഗങ്ങൾ സന്ദർശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭാവനാ ക്രമക്കേടിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ഹർജിക്കാർ മുന്നോട്ടുവെക്കുന്നത്.

ഇതിനിടെ, രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളക്കേസിലെ പ്രതികൾക്കായി ഹാജരാകില്ലെന്ന് അയോധ്യയിലെ അഭിഭാഷകർ അറിയിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി അഭിഭാഷകർ ഇന്ന് പ്രത്യേക യോഗം ചേരും.

കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഇന്നലെ പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. പ്രതികളുടെ ബന്ധുക്കളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

സംഭാവനാ തട്ടിപ്പിൽ നിലവിൽ അറസ്റ്റിലായവർക്കു പുറമെ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം.

മറുപടി രേഖപ്പെടുത്തുക