അമേരിക്കയുടെ യുഎസ്എസ് സുംവാൾട്ട് യുദ്ധക്കപ്പലിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. ഇംഗാൽസ് ഷിപ്പ്ബിൽഡിംഗ് യാർഡിൽ, പിസഗുളയിൽ പിയർസൈഡിൽ നങ്കൂരമിട്ടിരിക്കുമ്പോഴായിരുന്നു സംഭവം. ആധുനികവൽക്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് നാവികർക്ക് പരിക്കേറ്റു.
ഏപ്രിൽ 19ന് നടന്ന അപകടത്തിൽ ഒരാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട് . മറ്റ് രണ്ടുപേരെ സ്ഥലത്തുതന്നെ ചികിത്സ നൽകി. കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ കാരണവും വ്യാപ്തിയും അമേരിക്കൻ നേവി അന്വേഷിച്ചുവരികയാണ്.
വളരെയധികം തുക ചെലവഴിച്ചിട്ടും ഇതുവരെ യുദ്ധ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടില്ലാത്ത കപ്പലാണ് സുംവാൾട്ട്. പെന്റഗണിന്റെ അമിത ചെലവിന്റെ പ്രതീകമായാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
ആദ്യത്തിൽ രണ്ട് 155 മില്ലീമീറ്റർ അഡ്വാൻസ്ഡ് ഗൺ സിസ്റ്റങ്ങളെ ചുറ്റിപ്പറ്റിയാണ് കപ്പൽ രൂപകൽപ്പന ചെയ്തിരുന്നത്. എന്നാൽ വെടിമരുന്നിന്റെ അമിത ചെലവ് കാരണം അവ പിന്നീട് നീക്കം ചെയ്തു. പകരം കൺവെൻഷണൽ പ്രോംപ്റ്റ് സ്ട്രൈക്ക് സിസ്റ്റത്തിനായി മിസൈൽ ട്യൂബുകൾ സ്ഥാപിച്ചു. ദീർഘദൂര ഹൈപ്പർസോണിക് ആയുധങ്ങൾ വിന്യസിക്കുന്ന “ബ്ലൂ-വാട്ടർ സ്ട്രൈക്ക് പ്ലാറ്റ്ഫോം” ആക്കാനുള്ള പദ്ധതിയാണ് നിലവിൽ നടപ്പാക്കുന്നത്.
എന്നാൽ , ഈ ഹൈപ്പർസോണിക് മിസൈലുകൾ ഇപ്പോഴും പൂർണമായി വികസിച്ചിട്ടില്ല. 2027-28 കാലയളവിൽ പരീക്ഷണങ്ങൾ ആരംഭിക്കാനാണ് നാവികസേനയുടെ ലക്ഷ്യം. ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസ് 2018 റിപ്പോർട്ട് പ്രകാരം വെറും മൂന്ന് കപ്പലുകൾക്കുള്ള സുംവാൾട്ട് ക്ലാസ് പദ്ധതിക്ക് ഏകദേശം 24.5 ബില്യൺ ഡോളർ ചെലവായി. ചില മാധ്യമങ്ങൾ ഇതിനെ “അത്യധിക ചെലവുള്ള പരാജയ പദ്ധതി” എന്നാണ് വിശേഷിപ്പിച്ചത്.
ഇതിനിടയിൽ, കൂടുതൽ വമ്പൻ ചെലവുള്ള പുതിയ യുദ്ധക്കപ്പൽ പദ്ധതികളിലേക്കും യുഎസ് പ്രതിരോധ വകുപ്പ് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. നിർദ്ദേശിക്കപ്പെട്ട പുതിയ ക്ലാസ് കപ്പലിന് 17 മുതൽ 20 ബില്യൺ ഡോളർ വരെ ചെലവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
