ഡാർക്ക് വെബിൽ ഡിആർഡിഒ പ്രതിരോധ രേഖകൾ വിൽപ്പനയ്ക്ക്?; 31 ജിബി ഡാറ്റ ചോർന്നതായി സംശയം

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) നിർണായക വിവരങ്ങൾ ചോർന്നതായി സംശയം. ഡിആർഡിഒയുമായി ബന്ധപ്പെട്ട 31 ജിബി രേഖകൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക്‌സ് എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സ്ഥാപനത്തിന്റെ കണ്ടെത്തൽ പ്രകാരം, 8,000 ഡോളറിനാണ് രേഖകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഏകദേശം പത്ത് ദിവസം മുൻപാണ് ഡാറ്റ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചോർന്നതായി പറയപ്പെടുന്ന രേഖകളിൽ മിസൈൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പുറത്തുവിട്ട സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളും കാണുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ‘റിസ്ട്രിക്ടഡ്’ വിഭാഗത്തിൽ ഉൾപ്പെടുന്ന രേഖകളാണ് ഡാർക്ക് വെബിൽ പങ്കുവെച്ചിരിക്കുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ, പുറത്തുവന്ന രേഖകളുടെ ആധികാരികതയെക്കുറിച്ച് ഇതുവരെ ഡിആർഡിഒയോ മറ്റ് ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രേഖകൾ യഥാർത്ഥമാണോയെന്നും അവ എങ്ങനെ ചോർന്നുവെന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

ദേശീയ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയമായതിനാൽ സംഭവത്തിൽ അടിയന്തര ഫോറൻസിക് അന്വേഷണം നടത്തണമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ ആവശ്യം. ഡാറ്റ ചോർച്ചയുടെ വ്യാപ്തിയും അതിന്റെ പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട ഏജൻസികൾ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക