ശബരിമലയിലെ തീർഥാടക തിരക്ക് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സംവിധാനങ്ങൾ നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ തന്നെ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പരമ്പരാഗത രീതികൾക്ക് പകരം ഡാറ്റയും സാങ്കേതികവിദ്യയും ഉപയോഗിച്ച് തിരക്ക് മുൻകൂട്ടി പ്രവചിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളാകും ഒരുക്കുക. എഐ സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള കമ്പനികൾ ഇതിനകം ദേവസ്വം ബോർഡിനും പൊലീസ് ഉദ്യോഗസ്ഥർക്കും മുന്നിൽ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.
നിലയ്ക്കൽ, പമ്പ, സന്നിധാനം തുടങ്ങിയ കേന്ദ്രങ്ങളിലെ തീർഥാടക സാന്നിധ്യം തത്സമയം നിരീക്ഷിച്ച് വിവരങ്ങൾ ഭക്തർക്ക് ലഭ്യമാക്കും. എഐ ക്യാമറകൾ, ഡ്രോണുകൾ, ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവയുടെ സഹായത്തോടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കും. പൈപ്പ് പൊട്ടൽ, അപകടങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ സംഭവങ്ങൾ ഉടൻ കണ്ടെത്തി അടിയന്തര സഹായം എത്തിക്കാനും സംവിധാനത്തിന് കഴിയും.
ശബരിമലയെ പൂർണമായും ഡിജിറ്റൽ മാപ്പിങ്ങിന്റെ പരിധിയിൽ കൊണ്ടുവരുമെന്നും എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ‘ഹീറ്റ് മാപ്പ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരക്ക് വർധിക്കാൻ സാധ്യതയുള്ള മേഖലകൾ മുൻകൂട്ടി തിരിച്ചറിയുകയും, അതനുസരിച്ചുള്ള നിർദേശങ്ങൾ പൊലീസിന് തത്സമയം നൽകുകയും ചെയ്യും.
പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റോടെ കമ്പനി തിരഞ്ഞെടുക്കും. തുടർന്ന് 90 മുതൽ 100 ദിവസത്തിനുള്ളിൽ സംവിധാനം പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമല തീർഥാടനം കൂടുതൽ സുരക്ഷിതവും സുതാര്യവും ഭക്തസൗഹൃദവുമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
