കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി തുടരുന്നതെന്നും ഇതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജരേഖ സൃഷ്ടിച്ചാണ് ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇത് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാൻ നടത്തുന്ന ബോധപൂർവമായ ശ്രമമാണെന്നും സെക്രട്ടറി പറഞ്ഞു. നിലവിലെ അവധിക്കാല ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്ന തരത്തിൽ സർക്കാർ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമ്മിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഭ്യർത്ഥിച്ചു.
