വാഗ്ദാനങ്ങൾ നടപ്പാക്കാൻ കൗൺസിലിന്റെ പിന്തുണ വേണം; നിത്യ രാമന് മുന്നിൽ ഇനി കടുത്ത പരീക്ഷണം

ലോസ് ഏഞ്ചൽസ് മേയറായി തിരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് മുന്നിലുള്ള പ്രധാന വെല്ലുവിളി നഗര കൗൺസിലിന്റെ പിന്തുണ ഉറപ്പാക്കുകയെന്നതാണ്. ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുക, താങ്ങാനാവുന്ന പാർപ്പിടം ഒരുക്കുക, നഗരസേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കൗൺസിലിന്റെ സഹകരണം അനിവാര്യമാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ മേയർ കാരെൻ ബാസിനെ പിന്തുണച്ചവരാണ് കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും.

നിത്യ രാമന്റെ കൗൺസിൽ സഹപ്രവർത്തകരിൽ ആരും മേയർ സ്ഥാനത്തേക്കുള്ള അവരുടെ പ്രചാരണത്തെ പിന്തുണച്ചിരുന്നില്ല. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയിലെ സഹപ്രവർത്തകർ ഉൾപ്പെടെ 14 അംഗങ്ങളിൽ 13 പേരും ബാസിനൊപ്പമായിരുന്നു. എന്നാൽ വ്യാഴാഴ്ച ബാസ് പരാജയം അംഗീകരിച്ചതിന് പിന്നാലെ കൗൺസിലിലെ മിക്കവാറും എല്ലാ അംഗങ്ങളും പുതിയ മേയറുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചു.

നഗരത്തിന്റെ ബജറ്റിന് അംഗീകാരം നൽകുന്നതും മേയർ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനം സ്ഥിരീകരിക്കുന്നതും സിറ്റി കൗൺസിലാണ്. അതിനാൽ കൗൺസിലിന്റെ പിന്തുണ രാമന്റെ ഭരണത്തിന് നിർണായകമാകും. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഭരണപ്രവർത്തനങ്ങൾ തടസ്സപ്പെടാൻ അനുവദിക്കാനാകില്ലെന്നും കൗൺസിൽ ബജറ്റ് കമ്മിറ്റി അധ്യക്ഷ കാറ്റി യാരോസ്ലാവ്സ്കി പറഞ്ഞു.

2028ലെ ഒളിമ്പിക്സിന് മുമ്പ് ടെന്റുകളിലും താൽക്കാലിക ക്യാമ്പുകളിലും കഴിയുന്ന ഭവനരഹിതരുടെ എണ്ണം പകുതിയായി കുറയ്ക്കുക, വാർഷിക ഭവനനിർമാണം മൂന്നിരട്ടിയാക്കുക, ഹോളിവുഡിലെ തൊഴിലവസരങ്ങൾ നഗരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രത്യേക ഫിലിം ഓഫീസ് സ്ഥാപിക്കുക തുടങ്ങിയവയാണ് രാമന്റെ പ്രധാന വാഗ്ദാനങ്ങൾ.

തന്നെ പിന്തുണയ്ക്കാത്ത വോട്ടർമാരുടെയും വിശ്വാസം നേടിയെടുക്കാൻ പ്രവർത്തിക്കുമെന്ന് നിത്യാ രാമൻ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. താങ്ങാനാവുന്ന പാർപ്പിടം, വാടകക്കാരുടെ സംരക്ഷണം, സുരക്ഷിതമായ തെരുവുകൾ, വിശ്വസനീയമായ പൊതുസേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൗൺസിൽ അംഗങ്ങളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബാസിനെ പിന്തുണച്ച കൗൺസിൽ അംഗങ്ങളായ ഹ്യൂഗോ സോട്ടോ-മാർട്ടിനസ്, യെസബെൽ ജുറാഡോ എന്നിവരും പുതിയ മേയറുമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു.

അതേസമയം, നിത്യാ രാമന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് സാമ്പത്തിക പരിമിതികൾ വെല്ലുവിളിയാകുമെന്ന് യാരോസ്ലാവ്സ്കി മുന്നറിയിപ്പ് നൽകി. നഗരത്തിന് താങ്ങാനാകാത്ത ചെലവുകൾ ഏറ്റെടുക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 260 കോടി ഡോളറിന്റെ കൺവെൻഷൻ സെന്റർ വികസന പദ്ധതിയെ സാമ്പത്തിക അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി എതിർത്തത് രാമനും യാരോസ്ലാവ്സ്കിയും മാത്രമായിരുന്നുവെന്ന് LAist റിപ്പോർട്ട് ചെയ്തു.

രാമൻ ഒഴിയുന്ന നാലാം ഡിസ്ട്രിക്റ്റ് കൗൺസിൽ സീറ്റിലേക്കുള്ള പകരക്കാരനെ കണ്ടെത്തുന്നതും അടുത്ത നടപടികളിലൊന്നാണ്. നിയമനം നടത്തുകയോ പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യാൻ നഗര ചാർട്ടർ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം, രാമനെ പിന്തുണച്ച ഏക തിരഞ്ഞെടുക്കപ്പെട്ട സിറ്റി ഹാൾ ഉദ്യോഗസ്ഥനായ സിറ്റി കൺട്രോളർ കെന്നത്ത് മെജിയയുടെ പിന്തുണയും പുതിയ മേയർക്ക് ലഭിക്കും. ഭവനരഹിതർക്കായി നഗരം ചെലവഴിക്കുന്ന ഓരോ ഡോളറിന്റെയും വിനിയോഗം ഓഡിറ്റ് ചെയ്യാൻ അനുവദിക്കുമെന്ന് രാമൻ വാഗ്ദാനം ചെയ്തതായും ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഫയലിങ് സമയപരിധിക്ക് തൊട്ടുമുമ്പാണ് രണ്ടുതവണ കൗൺസിൽ അംഗമായിരുന്ന രാമൻ മേയർ മത്സരത്തിൽ പ്രവേശിച്ചത്. നേരത്തെ, കൗൺസിലിലേക്കുള്ള രാമന്റെ പുനർതിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാസ് പിന്തുണച്ചിരുന്നു. എന്നാൽ ഇത്തവണ ഇരുവരും തമ്മിലുള്ള മത്സരത്തിൽ കൗൺസിലിലെ ഭൂരിപക്ഷം ബാസിനൊപ്പമായിരുന്നു. ഇനി നഗരഭരണത്തിൽ കൗൺസിലുമായി എങ്ങനെ സഹകരിക്കുമെന്നതാകും നിത്യാ രാമന്റെ മുന്നിലുള്ള പ്രധാന പരീക്ഷണം.

മറുപടി രേഖപ്പെടുത്തുക