പെട്രോളിൽ സർക്കാർ നിശ്ചയിച്ച 20 ശതമാനം പരിധിയേക്കാൾ കൂടുതൽ എത്തനോൾ കലർത്തി എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടക സർക്കാർ നടത്തിയ ലബോറട്ടറി പരിശോധനാ ഫലങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച അദ്ദേഹം ആരോപണം ഉന്നയിച്ചത്. ‘E20 420 ആയി; ജനങ്ങളുടെ കാറുകളിൽനിന്ന് പെട്രോൾ മോഷ്ടിക്കപ്പെടുകയാണ്’ എന്നായിരുന്നു എക്സിലെ രാഹുലിന്റെ പ്രതികരണം. എണ്ണക്കമ്പനികളുടെ പരിശോധനാ നടപടികളിലെ സുതാര്യതയില്ലായ്മയെയും അദ്ദേഹം ചോദ്യം ചെയ്തു.
കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച 14 പെട്രോൾ സാമ്പിളുകളിൽ 11 എണ്ണത്തിലും എത്തനോൾ അളവ് 20 ശതമാനത്തിന് മുകളിലായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമ്പിളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനവും എത്തനോൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഭാരത് പെട്രോളിയം, നയാര എനർജി, ഷെൽ തുടങ്ങിയ കമ്പനികളുടെ സാമ്പിളുകളിൽ 25.5 മുതൽ 26.5 ശതമാനം വരെ എത്തനോൾ ഉണ്ടായിരുന്നതായും പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു.
ബെംഗളൂരു, കോലാർ, ചിക്കബെല്ലാപുര, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുംകൂർ ജില്ലകളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഉയർന്ന അളവിലുള്ള എത്തനോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതിനും എൻജിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകാമെന്ന് മന്ത്രി റിസ്വാൻ അർഷാദ് ആശങ്ക പ്രകടിപ്പിച്ചു. സാമ്പിളുകൾ ആദ്യം എണ്ണക്കമ്പനികളുടെ ലാബുകളിൽ പരിശോധനയ്ക്ക് അയച്ചെങ്കിലും എത്തനോൾ അളവിന്റെ വിശദാംശങ്ങൾ ലഭിക്കാത്തതിനെത്തുടർന്നാണ് സ്വതന്ത്ര ലാബിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ എണ്ണക്കമ്പനികൾ നിഷേധിച്ചു. സാമ്പിൾ ശേഖരണവും പരിശോധനാ നടപടികളും നിശ്ചിത മാർഗനിർദേശങ്ങൾ പാലിച്ചല്ല നടന്നതെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളുടെ വിശദീകരണം. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ സംയുക്ത ഗുണനിലവാര പരിശോധനയിൽ കർണാടകയിൽനിന്നുള്ള 56 സാമ്പിളുകൾ ഉൾപ്പെടെ 893 സാമ്പിളുകൾ പരിശോധിച്ചെന്നും എത്തനോൾ അളവ് 19 മുതൽ 21 ശതമാനം വരെയായിരുന്നെന്നും കമ്പനികൾ അറിയിച്ചു. കർണാടകയിലെ സാമ്പിളുകളിൽ ശരാശരി എത്തനോൾ അളവ് 19.3 ശതമാനമാണെന്നും അവർ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയും കർണാടക സർക്കാരും ഉന്നയിച്ച ആരോപണങ്ങളും എണ്ണക്കമ്പനികളുടെ വിശദീകരണവും പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിന്റെ 20 ശതമാനം എത്തനോൾ മിശ്രിത പദ്ധതിയെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായി. ഇന്ധനത്തിന്റെ ഗുണനിലവാരം, വാഹനങ്ങളുടെ പ്രകടനം, ഉപഭോക്താക്കൾക്കുണ്ടാകാവുന്ന സാമ്പത്തിക ബാധ്യത എന്നിവയാണ് വിവാദത്തിൽ പ്രധാനമായും ഉയരുന്ന വിഷയങ്ങൾ.
