ജനസംഖ്യാ വ്യതിയാന സമിതി വർഗീയ ധ്രുവീകരണത്തിനുള്ള രാഷ്ട്രീയ നീക്കം; കേന്ദ്ര സർക്കാരിനെതിരെ പിണറായി വിജയൻ

കൃത്യമായ ഇടവേളകളിൽ നടത്തേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ബോധപൂർവം വൈകിപ്പിച്ച കേന്ദ്ര സർക്കാർ ഇപ്പോൾ ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.

ദേശീയ സുരക്ഷയുടെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂൺ 13-ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതിയുടെ പ്രവർത്തനം വിലയിരുത്തിയതായി ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവരുടെ പ്രസംഗങ്ങളിലെ ആശയങ്ങളാണ് സമിതിയുടെ പ്രവർത്തനരീതിക്ക് അടിസ്ഥാനമാക്കിയിരിക്കുന്നതെന്ന് ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയുടെ തുടർച്ചയായാണ് ഈ സമിതിയെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക സെൻസസ് വിവരങ്ങൾ ലഭ്യമാകുന്നതിന് മുമ്പുതന്നെ അതിർത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും കേന്ദ്രീകരിച്ച് നടത്തുന്ന ഈ നീക്കം ജനങ്ങൾക്കിടയിൽ ഭീതിയും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം വിമർശിച്ചു. വോട്ടർപട്ടികയുടെ തീവ്ര പരിശോധനയുടെ മറവിൽ പൗരത്വ പരിശോധന നടത്താൻ കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിച്ചുവെന്നും, അതേ മാതൃകയിൽ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വ്യതിയാനം പഠിക്കാൻ സമിതി രൂപീകരിച്ചിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഇത്തരം നടപടികൾ ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും, ബംഗാളിലും അസമിലുമുള്ള തെരഞ്ഞെടുപ്പുകൾക്കുശേഷം അതിർത്തി പ്രദേശങ്ങളിൽ സംഘർഷങ്ങൾ വർധിച്ചതും ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരുകളുമായി യാതൊരു കൂടിയാലോചനയും നടത്താതെ ഫെഡറൽ തത്വങ്ങളെ അവഗണിച്ചാണ് സമിതി രൂപീകരിച്ചതെന്നും പിണറായി വിജയൻ വിമർശിച്ചു. വിദ്വേഷ രാഷ്ട്രീയം പ്രോത്സാഹിപ്പിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ആർഎസ്എസ് അജണ്ടയ്ക്കെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെൻസസിന്റെ ഭാഗമായി കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, നിലവിലെ സാഹചര്യത്തിൽ ആ നിലപാട് തുടർന്നും കാത്തുസൂക്ഷിക്കാൻ യുഡിഎഫ് സർക്കാരും ജാഗ്രത പുലർത്തണമെന്ന് അഭ്യർഥിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ തന്റെ പ്രതികരണം അറിയിച്ചത്.

മറുപടി രേഖപ്പെടുത്തുക