നിയമസഭയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനായി ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ ആലോചിക്കുന്നതായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയെ കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് പരിഗണിക്കുന്നതിനുമായി വിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. ചില വിദേശ രാജ്യങ്ങളിലെ പാർലമെന്ററി സംവിധാനങ്ങളിൽ നിലവിലുള്ള മാതൃകകൾ പഠിച്ച ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമല്ല, അവരെ വിജയിപ്പിച്ച ജനങ്ങൾക്കും നിയമനിർമാണ സഭയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനും ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം നൽകുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനും ജനാധിപത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി വിവിധ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
