സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഗുരുതരമായി തുടരുന്നതിനിടയിലും, ഇന്ന് രാത്രി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കണക്കിലെടുത്ത് സംസ്ഥാനത്ത് എവിടെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതിസന്ധി താൽക്കാലികമായി മറികടക്കുന്നതിനായി എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്ന് പ്രതിദിനം 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഇന്ന് മുതൽ ഈ അധിക വൈദ്യുതി ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് പുതിയ കരാർ പ്രകാരം കെഎസ്ഇബി പുറത്തുനിന്ന് മുഴുവൻ ദിവസത്തേക്കുള്ള വൈദ്യുതി വാങ്ങുന്നത്.
അതേസമയം, സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന്റെ സമയം മുൻകൂട്ടി കൃത്യമായി ജനങ്ങളെ അറിയിക്കണമെന്ന് കമ്മീഷൻ കെഎസ്ഇബിക്ക് കർശന നിർദേശം നൽകി.
ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യകതയും ലഭ്യതയും തലേദിവസം തന്നെ കണക്കാക്കാൻ കഴിയുന്നതിനാൽ, ഒരു പ്രദേശത്ത് തുടർച്ചയായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നാൽ അത് ദിവസവും ഒരേ സമയക്രമത്തിൽ നടപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
